‘ജയ ജയ ജയ ജയ ഹേ’ ഡിസംബർ 22 മുതൽ ഹോട്ട്സ്റ്റാറില്‍

തിരുവനന്തപുരം: മലയാളം ബോക്സ് ഓഫീസിൽ ഈ വര്ഷം ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രമായ ‘ജയ ജയ ജയ ജയ ഹേ’ ഒടിടിയിൽ എത്തുന്നു. ഡിസംബർ 22 മുതൽ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തിൽ ചാലിച്ച് തയ്യാറാക്കിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളായ രാജേഷ് കുമാറും ജയഭാരതിയുമായി പ്രേക്ഷകരിലേക്കെത്തിയത്.

വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഒരു കുഞ്ഞു സിനിമയായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം ബ്ലോക്ക് ബസ്റ്ററായി മാറുകയായിരുന്നു. അങ്കിത് മേനോൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലെത്തിയ ചിത്രം അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ.

മുൻ ആരോ​ഗ്യമന്ത്രി ശൈലജ ടീച്ചർ ഉൾപ്പെടെയുള്ളവർ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായവുമായി രം​ഗത്തെത്തിയിരുന്നു. ”ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്തവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്. പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നതെന്നായിരുന്നു” ശൈലജ ടീച്ചറിന്റെ അഭിപ്രായം.

”അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ സാമൂഹ്യഘടനയെ നിശിതമായി കടന്നാക്രമിക്കുകയാണ് ‘ജയജയജയഹേ’. ശക്തമായ സ്ത്രീപക്ഷ സിനിമ. ദർശന രാജേന്ദ്രൻ എന്ന അതുല്യ പ്രതിഭയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ.” എന്നായിരുന്നു എ എ റഹീം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ വാക്കുകൾ.

Top