ഛിദ്രശക്തികളുടെ യാതൊരു ശ്രമങ്ങളും കേരളത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അടൂര്‍ ഗോപാലൃകൃഷ്ണനെതിരായ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്റെ ഭീഷണിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി യുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഛിദ്രശക്തികളുടെ യാതൊരു ശ്രമങ്ങളും കേരളത്തില്‍ വിലപ്പോവില്ല. മതനിരപേക്ഷ ശക്തികള്‍ അതിനെ എതിര്‍ക്കും. അത്തരം ശ്രമങ്ങളെ ചെറുക്കാനുള്ള ജാഗ്രതയും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനെതിരായ നീക്കങ്ങളെ പ്രതിരോധിച്ച് കേരളം മുഴുവന്‍ ഒറ്റക്കെട്ടായി നിന്നത് നമ്മള്‍ കണ്ടതാണ്. കേരളത്തിന്റെ പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ട്. ആ പിന്തുണ ഒരിക്കല്‍ക്കൂടി ഉറപ്പുനല്‍കാനാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്നായിരുന്നു ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബിജെപിയുടെ കടന്നാക്രമണം.

ജയ് ശ്രീറാം’ വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നാണ് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

”നേരത്തേ ഇവര്‍ എല്ലാവരെയും പാകിസ്ഥാനിലേക്കാ അയച്ചുകൊണ്ടിരുന്നത്. അവിടിപ്പം നിറഞ്ഞെന്ന് തോന്നുന്നു. ഇനി ചന്ദ്രഗ്രഹത്തിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാല്‍ പോകാം. ഇനിയിപ്പോള്‍ വീട്ടിന് മുന്നില്‍ വന്ന് ആരെങ്കിലും നാമം ചൊല്ലിയാല്‍ സന്തോഷം. ഞാനും അവര്‍ക്കൊപ്പം ഇരുന്ന് നാമം ചൊല്ലും” എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവനയോടുള്ള അടൂരിന്റെ പ്രതികരണം.

അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 പേര്‍ ഒപ്പുവെച്ച കത്താണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്ക്ക് നല്‍കിയത്. ജയ്ശ്രീറാം എന്ന് വിളിക്കുന്നത് ഇന്ന് പ്രകോപനപരമായ യുദ്ധ വിളിയായി മാറിയിരിക്കുകയാണ്. നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങളാണ് ഇതിന്റെ പേരില്‍ നടക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്.

ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും രാമന്റെ പേര് വളരെ പവിത്രമായി കാണുന്നവരാണ്. രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ രാമന്റെ പേര് ഇങ്ങനെ അശുദ്ധമാക്കുന്നത് താങ്കള്‍ തടയണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Top