ആര്‍എസ്എസ്‌ ഭീഷണി കേരളത്തില്‍ വിലപ്പോകില്ല; അടൂരിന് പിന്തുണയുമായി ഡിവൈഎഫ്ഐ

തിരുവന്തപുരം:ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ പ്രകോപനകരമായ പ്രതികരണം നടത്തിയ ബിജെപി നേതാവിന്റെ വാക്കുകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ.

ജയ്ശ്രീറാം വിളിപ്പിച്ചു ആള്‍ക്കൂട്ട വിചാരണ നടത്തുന്ന സാഹചര്യത്തെ വിമര്‍ശിച്ചു പ്രസ്താവനയിറക്കിയതാണ് ബിജെപി നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുന്നത്. അടൂരിനും ഏതൊരാള്‍ക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് ഇവിടെ സ്വാതന്ത്ര്യമുണ്ട്. അത് ഇനിയും ആവര്‍ത്തിക്കും. അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കേണ്ട. ആര്‍എസ്എസിന്റെ ഇത്തരം ഭീഷണികള്‍ കേരളത്തില്‍ വിലപ്പോകില്ല.അടൂര്‍ ഗോപാലകൃഷ്ണന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു എന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നാവുകളെ നിശബ്ദമാക്കുക എന്നത് ആര്‍എസ്എസിന്റെ എക്കാലത്തെയും പദ്ധതിയാണ്. ഈ ഹീനമായ ശ്രമങ്ങളെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിനുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഭീഷണി മുഴക്കിയ ബിജെപിയുടെ രാഷ്ട്രീയ നെറികേടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തണമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

ജയ് ശ്രീറാം’ വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നാണ് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 പേര്‍ ഒപ്പുവെച്ച കത്താണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്ക്ക് നല്‍കിയത്. ജയ്ശ്രീറാം എന്ന് വിളിക്കുന്നത് ഇന്ന് പ്രകോപനപരമായ യുദ്ധ വിളിയായി മാറിയിരിക്കുകയാണ്. നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങളാണ് ഇതിന്റെ പേരില്‍ നടക്കുന്നതെന്നാണ്‌ കത്തില്‍ പറയുന്നത്.

ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും രാമന്റെ പേര് വളരെ പവിത്രമായി കാണുന്നവരാണ്. രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ രാമന്റെ പേര് ഇങ്ങനെ അശുദ്ധമാക്കുന്നത് താങ്കള്‍ തടയണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Top