ബോക്സ് ഓഫീസ് കീഴടക്കാൻ കിംഗ് ഖാന്‍ വീണ്ടും വരുന്നു; ‘ജവാന്‍’ റിലീസ് തീയതി എത്തി

ബോളിവുഡിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച ചിത്രമാണ് പഠാന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം താന്‍ നായകനായെത്തിയ ചിത്രം ഇത്ര വലിയ വിജയം നേടിയത് ഷാരൂഖ് ഖാനും വ്യക്തിപരമായി ആഘോഷിക്കാനുള്ള കാരണമായിരുന്നു. ഇപ്പോഴിതാ പഠാന് ശേഷം അദ്ദേഹം നായകനാവുന്ന അടുത്ത ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ചിത്രം ജവാന്‍ ആണ് അത്. നേരത്തെ പ്രഖ്യാപിച്ചിരുന്നചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരുന്നു. പുതിയ തീയതിയെക്കുറിച്ച് ഊഹാപോഹങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ പുതിയ തീയതി ഒഫിഷ്യല്‍ ആക്കിയിരിക്കുകയാണ് അണിയറക്കാര്‍.

സെപ്റ്റംബര്‍ 7 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ഉണ്ടാവും. ജൂണ്‍ 2 ആണ് ചിത്രത്തിന്റെ ആദ്യം പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി. ഈ തീയതി മാറ്റിയെന്നും പകരം ഓഗസ്റ്റ് 25 ന് ചിത്രം എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അണിയറക്കാരില്‍ നിന്നു തന്നെ പ്രഖ്യാപനം എത്തിയതോടെ ആരാധകര്‍ക്കിടയില്‍ ഇത് സംബന്ധിച്ചുള്ള സംശയങ്ങള്‍ അവസാനിച്ചിരിക്കുകയാണ്.

നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. ‘റോ’യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍‍മെന്റിന്റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

Top