11 ലക്ഷം വേണ്ട,’വരന്‍’ സ്വീകരിച്ചത് 11 രൂപയും തേങ്ങയും; താരമായി ജവാന്‍

ജയ്പൂര്‍: വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനം നല്‍കുന്ന പതിവ് ഉണ്ട്. എന്നാല്‍ പലപ്പോഴും സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ സ്ത്രീകള്‍ക്ക് നേരെ അധിക്രമങ്ങളും നടക്കറുണ്ട്. അത്തരക്കാര്‍ കണ്ടു പഠിക്കണം ഈ മനുഷ്യനെ. വിവാഹ ചടങ്ങില്‍ വധുവിന്റെ അച്ഛന്‍ സ്ത്രീധനമായി വച്ചുനീട്ടിയ 11 ലക്ഷം നിരസിച്ച് സി.ഐ.എസ്.എഫ് ജവാന്‍.

11 ലക്ഷം രൂപയാണ് പെണ്‍ വീട്ടുകാര്‍ അദ്ദേഹത്തിന് നല്‍കിയത്. എന്നാല്‍ തനിക്ക് ധനം ആവശ്യമില്ലെന്ന് പറഞ്ഞ ജവാന്‍ പകരം 11 രൂപയും ഒരു തേങ്ങയുമാണ് വധുവിന്റെ മാതാപിതാക്കളില്‍ നിന്ന് കൈപ്പറ്റിയത്. നവംബര്‍ എട്ടിന് നടന്ന വിവാഹചടങ്ങിലാണ് ജീതേന്ദ്ര സിങ് സ്ത്രീധനം വാങ്ങാതെ ഏവരുടെയും പ്രീതി പിടിച്ചുപറ്റിയത്. വച്ചുനീട്ടിയ സ്ത്രീധനം തൊഴുകൈയോടെ നിഷേധിച്ചത് കണ്ട് വധുവിന്റെ പിതാവിന്റെ കണ്ണ് നിറഞ്ഞു. ‘അവള്‍ ജുഡീഷ്യല്‍ സര്‍വീസിലെത്താനുള്ള പരിശീലനത്തിലാണ്. അവള്‍ ഒരു മജിസ്ട്രേറ്റാകുകയാണെങ്കില്‍ എന്റെ കുടുംബത്തിന് ഈ പണത്തേക്കാള്‍ അതാണ് കൂടുതല്‍ വിലപ്പെട്ടത്-ഇതായിരുന്നു വരന്‍ ജിതേന്ദ്ര സിങ്ങിന്റെ മറുപടി.

ജിതേന്ദ്ര സിങ്ങിന്റെ ഭാര്യ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി ഇപ്പോള്‍ ഡോക്ടറേറ്റിനായുള്ള പഠനത്തിലാണ്. മരുമകന്‍ പണം സ്വീകരിക്കാതിരുന്നത് കണ്ട് അക്ഷരാര്‍ഥത്തില്‍ താന്‍ ഞെട്ടിയെന്ന് വധുവിന്റെ പിതാവ് ഗോവിന്ദ് സിങ് പറഞ്ഞു. പണം സ്വീകരിക്കാന്‍ വിസമ്മതിച്ചത് കണ്ട് വരന്റെ കുടുംബത്തിന് വിവാഹത്തിന്റെ ഒരുക്കങ്ങളില്‍ എന്തോ അനിഷ്ടമുണ്ടെന്നാണ് താന്‍ കരുതിയത്. പിന്നീടാണ് സ്ത്രീധനത്തോടുള്ള എതിര്‍പ്പാണെന്ന് മനസ്സിലായത്-ഗോവിന്ദ് സിങ് കൂട്ടിച്ചേര്‍ത്തു

എന്തായാലും സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ വിവാഹവും ജവാനും തരംഗമായിരിക്കുകയാണ്

Top