Jawaharlal Nehru erased from Rajasthan school textbook

ജയ്പൂര്‍: രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമര്‍ശമില്ല.

രാജസ്ഥാന്‍ രാജ്യ പുസ്തക് മണ്ഡല്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് നെഹ്‌റുവിനെ ഒഴിവാക്കിയിരിക്കുന്നത്. അതേസമയം മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാധര തിലകന്‍, ഹേമു കലാനി, ഭഗത് സിംഗ് എന്നിവരെ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ പുറത്തിറക്കിയ പുസ്തകത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് നെഹ്‌റുവിനെ ഉള്‍പ്പെടുത്തിയിരുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്ന ഭാഗത്ത് നെഹ്‌റുവിന്റേയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റേയും സംഭാവനകളെക്കുറിച്ചായിരുന്നു അധികവും നല്‍കിയിരുന്നത്.

എന്നാല്‍ പുതിയ പുസ്തകത്തില്‍ നെഹ്‌റുവിനെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. സരോജിനി നായിഡു ഉള്‍പ്പെടെയുള്ള ചില പ്രമുഖരേയും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഗാന്ധി വധത്തെക്കുറിച്ചും നാദുറാം ഗോഡ്‌സെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നില്ല.

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം ഇതുവരെ വിപണിയില്‍ ലഭ്യമല്ല. എന്നാല്‍ പുസ്തകം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Top