റിലീസ് ദിനം തന്നെ ‘ജവാന്‍’ പൈറസി സെറ്റുകളില്‍

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ‘ജവാന്‍’ ഇന്നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് തീയറ്റുകളില്‍ നിന്ന് ചിത്രത്തിന് ലഭിക്കുന്നതും. എന്നാല്‍ ഇപ്പോഴിതാ ഇടിത്തീയായ ജവാന്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു എന്ന ഒരു റിപ്പോര്‍ട്ടാണ് ചില മാധ്യമങ്ങളില്‍ ഇപ്പോള്‍ വന്നിരിക്കുന്നത്.

എച്ച്ഡി ക്വാളിറ്റിയില്‍ തന്നെ ഷാരൂഖ് ചിത്രം ജവാന്‍ ചോര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ കളക്ഷനെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ ആരാധകര്‍. രാജ്യമൊട്ടാകെ വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രവുമായിരുന്നു ജവാന്‍. വ്യാജ റിവ്യുകള്‍ക്ക് എതിരെ ജവാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു

ഹിറ്റ്‌മേക്കര്‍ അറ്റ്‌ലിയാണ് ഷാരൂഖിന്റെ ജവാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. അറ്റിലിയുടെ മാസ്റ്റര്‍പീസാണ് ചിത്രമെന്നാണ് അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാന്‍ നിറഞ്ഞുനില്‍ക്കുന്നു ജവാനിലെന്നുമായിരുന്നു ആദ്യ പ്രതികരണങ്ങള്‍. ഷാരൂഖ് ഖാനും നയന്‍താരയും ആക്ഷന്‍ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അറ്റ്‌ലിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമായതിനാല്‍ ജവന്‍ വന്‍ ഹിറ്റാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്.ആദ്യദിനത്തില്‍ ‘ജവാന്‍’ ബോക്സ്ഓഫീസില്‍ നിന്ന് 76 കോടിയെങ്കിലും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒട്ടുമിക്ക ഷോകളും ഹൗസ്ഫുള്ളാണ്. നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ജവാന്‍’ ഐ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേര്‍ന്ന് വിതരണത്തിന് എത്തിക്കുന്നു. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. റെഡ് ചില്ലീസിനുവേണ്ടി ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷന്‍ ചെയുന്നത് പപ്പറ്റ് മീഡിയയാണ്.

Top