അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റായി ജാവിയര്‍ മിലേ തിരഞ്ഞെടുക്കപ്പെട്ടു

ര്‍ജന്റീനയുടെ പുതിയ പ്രസിഡന്റായി വലതുപക്ഷ പാര്‍ട്ടിയായ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജാവിയര്‍ മിലേ തിരഞ്ഞെടുക്കപ്പെട്ടു. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വോട്ടുകള്‍ നേടിയാണ് മിലേ അര്‍ജന്റീനയുടെ പ്രസിഡന്റായത്. ഏകദേശം 56 ശതമാനം വോട്ട് നേടിയാണ് മിലേ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പെറോണിസ്റ്റിന്റെ സാമ്പത്തിക മന്ത്രി സെര്‍ജിയോ മാസ്സയെ തോല്‍പ്പിച്ചത്. 44 ശതമാനം വോട്ടാണ് സെര്‍ജിയോ മാസ്സ നേടിയത്.

താന്‍ നേരിടുന്ന വെല്ലുവിളികളെ മുന്‍നിര്‍ത്തിക്കൊണ്ടു തന്നെ അധ:പതനത്തിന്റെ മാതൃക അവസാനിച്ചുവെന്നും ഇവിടെ നിന്നും ഇനി പിന്നോട്ടില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മിലേ പറഞ്ഞു. ”നമുക്ക് മുന്നില്‍ പണപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ ഒരുപാട് പ്രശ്നങ്ങളുമുണ്ട്. സാഹചര്യം വളരെ മോശമാണ്”- ബ്യൂണസ് ഐറിസില്‍ നടത്തിയ പ്രസംഗത്തില്‍ മിലേ പറഞ്ഞു. നൂറുകണക്കിന് അനുയായികളാണ് മിലേയുടെ പ്രസംഗം കേള്‍ക്കാനെത്തിച്ചേര്‍ന്നത്. ചരിത്ര വിജയം ആഘോഷിക്കാനാണ് തങ്ങളെത്തിച്ചേര്‍ന്നതെന്ന് അനുയായികളും പ്രതികരിച്ചു.

മുന്‍ സാമ്പത്തിക വിദഗ്ധനും ടെലിവിഷന്‍ വിദഗ്ധനുമായ മിലേയുടെ ഞെട്ടിപ്പിക്കുന്ന വളര്‍ച്ച ഇടതും വലതുമായ രണ്ട് പ്രധാന രാഷ്ട്രീയ ശക്തികളുടെ ആധിപത്യത്തെ തകര്‍ക്കുകയായിരുന്നു. 1940 മുതല്‍ അര്‍ജന്റീനിയന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം ചെലുത്തുന്ന പെറോണിസ്റ്റുകളെയും അവരുടെ പ്രധാന പ്രതിപക്ഷമായ ടുഗദര്‍ ഫോര്‍ ചേഞ്ചിനെയുമാണ് മിലേ നേരിട്ടത്.കമ്മ്യൂണിസ്റ്റുകളോട് ഇടപെടില്ലെന്ന് പറയുന്ന മിലേ ചൈനയുടെയും ബ്രസീലിന്റെയും വിമര്‍ശകനാണ്. ശക്തമായ അമേരിക്കന്‍ ബന്ധത്തെ അനുകൂലിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വ മിലേയെ അഭിനന്ദിച്ച് രംഗത്തെത്തി. ജനാധിപത്യത്തെ ബഹുമാനിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞായിരുന്നു അഭിനന്ദനം. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മിലേയെ അഭിനന്ദിച്ചു. എന്നാല്‍ മേഖലയെ സംബന്ധിച്ച് ദുഖ ദിനമാണിതെന്നാണ് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രതികരിച്ചത്.

 

Top