ജാവേദ് അക്തറിന്റെ അപകീര്‍ത്തി കേസ്: വിചാരണ സ്റ്റേ ചെയ്യാന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ച് കങ്കണ റണൗത്ത്

മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസിന്റെ വിചാരണ സ്റ്റേ ചെയ്യാന്‍ മുംബൈ ഹൈക്കോടതിയോടാവശ്യപ്പെട്ട് കങ്കണ റണൗത്ത്. ഹര്‍ജി ജനുവരി ഒന്‍പതിന് പരിഗണിക്കും. മുംബൈ ഹൈക്കോടതിക്ക് മുമ്പാകെ കങ്കണ സമര്‍പ്പിച്ച ഹര്‍ജിയില്‍, തന്റെ പരാതിയും അക്തറിന്റെ പരാതിയും ഒരേ സംഭവത്തെ ആസ്പദമാക്കിയതാണെന്നും തനിക്കെതിരെ പരസ്പരവിരുദ്ധമായ വിധികള്‍ ഒഴിവാക്കി ഒരുമിച്ച് വിചാരണ നടത്തണമെന്നും അക്തറിന്റെ പരാതിയില്‍ നിന്ന് ഉയരുന്ന വിചാരണ സ്റ്റേ ചെയ്യണമെന്നുമാണ് കങ്കണ ആവശ്യപ്പെടുന്നത്.

റിവിഷന്‍ ബഞ്ച് തീര്‍പ്പുകല്‍പ്പിക്കുന്നത് വരെ അക്തറിന്റെ കേസ് സ്റ്റേ ചെയ്യുന്നത് നീതിയുടെ താല്‍പ്പര്യമാണെന്നും കേസിന്റെ സത്യാവസ്ഥ തുറന്നു കാട്ടുന്നതാണെന്നും കങ്കണ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലില്‍ അര്‍ണബ് ഗോസ്വാമിക്ക് നല്‍കിയ അഭിമുഖത്തില്‍ കങ്കണ റണാവത്ത് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചെന്നും അത് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചാണെന്നും കാണിച്ചാണ് ജാവേദ് അക്തര്‍ മാനനഷ്ടക്കേസ് ഫൈല്‍ ചെയ്തത്.

എന്നാല്‍ ക്രിമിനല്‍ ഗൂഢാലോചന, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ പരാതികള്‍ ആരോപിച്ച് അക്തറിനെതിരെ കങ്കണയും കോടതിയെ സമീപിച്ചിരുന്നു. 2023 ജൂലൈയില്‍ അന്ധേരിയിലെ ഒരു മജിസ്ട്രേറ്റ് കോടതി അക്തറിനെതിരായ കങ്കണയുടെ ഹര്‍ജി തള്ളി. എന്നാല്‍ ഐപിസി 506, 509 വകുപ്പുകള്‍ പ്രകാരം അക്തറിന് സമന്‍സ് അയച്ചു. തുടര്‍ന്ന്, ദിന്‍ദോഷിയിലെ സെഷന്‍സ് കോടതിയില്‍ ഒരു റിവിഷന്‍ ഹര്‍ജിയിലൂടെ ജാവേദ് അക്തര്‍ സമന്‍സിനെതിരെ നീങ്ങുകയും ക്രിമിനല്‍ നടപടികളില്‍ നിന്ന് താല്‍ക്കാലിക സ്റ്റേ ലഭിക്കുകയും ചെയ്തു. ഇത് ആദ്യമായല്ല കങ്കണ റണാവത്ത് ഹൈക്കോടതിയെ സമീപിക്കുന്നത്. അക്തര്‍ നല്‍കിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പും പല തവണ ഹര്‍ജി നല്‍കിയിരുന്നു.

Top