റിച്ചാര്‍ഡ് ഡോകിന്‍സ് പുരസ്‌കാരം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനായി ജാവേദ് അക്തര്‍

ലോകപ്രശസ്തമായ റിച്ചാര്‍ഡ് ഡോകിന്‍സ് പുരസ്‌കാരം സ്വന്തമാക്കി ഗാനരചയിതാവും തിരക്കഥകൃത്തുമായ ജാവേദ് അക്തര്‍. ഇതോടെ ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് ജാവേദ്.

വിമര്‍ശനാത്മക ചിന്തകളും മാനുഷിക പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും നിലപാടുകളും പരിഗണിച്ചാണ് പുരസ്‌കാരം. റിച്ചാര്‍ഡ് ഡോകിന്‍സിന്റെ പേരിലുള്ള പുരസ്‌കാരം നേടാനായതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ജാവേദ് അക്തര്‍ പ്രതികരിച്ചു.

റിച്ചാര്‍ഡ് ഡോകിന്‌സിന്റെ ആദ്യ പുസ്തകം ‘ദി സെല്‍ഫിഷ് ജീന്‍’ വായിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ ആരാധകനാണ് താനെന്നും നിലപാടുകള്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ രചനകള്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ജാവേദ് അക്തര്‍ വ്യക്തമാക്കി.

ജാവേദ് അക്തറിന്റെ മകള്‍ സോയ അക്തര്‍, അനില്‍ കപൂര്‍, ദിയ മിര്‍സ എന്നിങ്ങനെ നിരവധി പ്രമുഖര്‍ ജാവേദ് അക്തറിന്റെ പുരസ്‌കാര നേട്ടത്തെ പ്രശംസിച്ചു രംഗത്തെത്തി. ബ്രിട്ടീഷ് നടനും ഹാസ്യതാരവുമായ റിക്കി ഗെര്‍വെയ്‌സ് ആണ് കഴിഞ്ഞ വര്‍ഷം പുരസ്‌കാരത്തിന് അര്‍ഹനായത്.

Top