എന്തുകൊണ്ട് താഹിറിനെ മാത്രം തിരയുന്നു? മുസ്ലീം ആയത് കൊണ്ടാണോ? ജാവേദ് അക്തര്‍

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി (എഎപി) കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തതില്‍ പ്രതികരണവുമായി എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടും നിരവധി വീടുകള്‍ അഗ്‌നിക്കിരയായിട്ടും എന്തുകൊണ്ട് പൊലീസ് ഒരു വീട് മാത്രം മുദ്രവെച്ച് അതിന്റെ ഉടമസ്ഥനെ തിരയുന്നുവെന്ന് ജാവേദ് അക്തര്‍ ചോദിച്ചു.

‘നിരവധി പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു, നിരവധി വീടുകള്‍ കത്തിച്ചു, നിരവധി കടകള്‍ കൊള്ളയടിച്ചു നിരവധി ആളുകള്‍ നിരാലംബരായി, പക്ഷേ പൊലീസ് ഒരു വീട് മാത്രം മുദ്രവെച്ച് ഉടമയെ തിരയുന്നു. ആകസ്മികമായി, അദ്ദേഹത്തിന്റെ പേര് താഹിര്‍,എന്നാണ്. ഡല്‍ഹി പൊലീസിന്റെ സുസ്ഥിരതയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍ – ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു.

ട്വീറ്റ് വാര്‍ത്തയായയോടെ അദ്ദേഹം വിശദീകരണവുമായി എത്തി.എന്നെ തെറ്റിദ്ധരിക്കാന്‍ വളരെ എളുപ്പമാണ്. എന്തുകൊണ്ട് താഹിര്‍ എന്നല്ല, എന്തുകൊണ്ട് താഹിര്‍ മാത്രം എന്നാണ് ഞാന്‍ ചോദിക്കുന്നത്. പൊലീസിന്റെ സാന്നിധ്യത്തില്‍ ഭീഷണിപ്പെടുത്തിയവര്‍ക്ക് എതിരെ എന്തുകൊണ്ട് എഫ്.ഐ.ആര്‍. പോലും എടുക്കുന്നില്ല. ഈ അക്രമത്തില്‍ പൊലീസ് വഹിച്ച പങ്കിനെക്കുറിച്ച് ഹൈക്കോടതിക്ക് പോലും സംശയമുണ്ട്. – അദ്ദേഹം രണ്ടാമത്തെ ട്വീറ്റില്‍ കുറിച്ചു.

നെഹ്റു വിഹാറിലെ 59-ാം വാര്‍ഡില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി (എഎപി) കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍.കലാപസമയത്ത് കലാപകാരികള്‍ ഉപയോഗിച്ചിരുന്ന പെട്രോള്‍ ബോംബുകളും ആയുധങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കാന്‍ താഹിറിന്റെ വീട് ഉപയോഗിച്ചതായി പറയപ്പെടുന്നു.

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് താഹിറിനെതിരേ കേസെടുത്തിരിക്കുന്നത്. അതേസമയം, ഐ.ബി ഉദ്യോഗസ്ഥന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നും ഡല്‍ഹി അക്രമത്തില്‍ തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയില്‍ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറി വ്യാഴാഴ്ച പൊലീസ് സീല്‍ ചെയ്തു. ഇതിനു പിന്നാലെ അദ്ദേഹത്തെ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡു ചെയ്തു.

Top