ജഗതിയുടെ രണ്ടാം വരവ് സിനിമയിലൂടെ തന്നെ; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

ലയാളസിനിമയിലെ ഹാസ്യ കുലപതി ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് സിനിമാലോകവും പ്രേഷകരും കാത്തിരിക്കുകയാണ്. ഒരു വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലൂടെ ജഗതി തിരിച്ചുവരുന്നു എന്ന വാര്‍ത്ത ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം തരുന്ന വാര്‍ത്തയാണ് സിനിമാമേഖലയില്‍ നിന്ന് വരുന്നത്. ജഗതിയുടെ ക്യാമറയ്ക്കു മുന്നിലേയ്ക്കുളള തിരിച്ചുവരവ് സിനിമയിലൂടെയാണ് എന്നതാണ് പുതിയ വാര്‍ത്ത.

നിര്‍മ്മാതാവ് ശരത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. ‘കബീറിന്റെ ദിവസങ്ങള്‍’ എന്ന്പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും ശരത് ചന്ദ്രന്‍ തന്നെ. സംസ്ഥാന അവാര്‍ഡില്‍ ശ്യാമപ്രസാദിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ‘ഒരു ഞായറാഴ്ച’യുടെ നിര്‍മ്മാതാവാണ്‌ ശരത് ചന്ദ്രന്‍.

ശ്രീകുമാര്‍ പി കെ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉദയന്‍ അമ്പാടിയും എഡിറ്റിംഗ് സുജിത്ത് സഹദേവുമാണ്. ചിത്രത്തില്‍ ജഗതിയോടൊപ്പം മുരളി ചന്ദ്, ഭരത്, റേച്ചല്‍ ഡേവിഡ്, ആദിയ പ്രസാദ്, സുധീര്‍ കരമന, ദിനേശ് പണിക്കര്‍, മേജര്‍ രവി, ബിജുക്കുട്ടന്‍, കൈലാഷ്, നോബി, താരാ കല്യാണ്‍, സോനാ നായര്‍, ജിലു ജോസഫ് എന്നിവരും അഭിനയിക്കുന്നുണ്ട്.

ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് എം ജയചന്ദ്രന്‍, അല്‍ഫോന്‍സ് ജോസഫ്, അനിത ഷെയ്ഖ് എന്നിവരാണ്.ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. എന്തായാലും ജഗതിയുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് പ്രേഷകര്‍.

Top