അയർലൻഡ് പര്യടനത്തിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി ബുമ്ര

ബെംഗളൂരു : ഇന്ത്യൻ ടീമിലേക്കു തിരിച്ചുവരവിന് ഒരുങ്ങി പേസർ ജസ്പ്രീത് ബുമ്ര. ഓഗസ്റ്റിൽ നടക്കുന്ന അയർലൻഡ് പര്യടനത്തിലൂടെ രാജ്യാന്തര മത്സരത്തിലേക്ക് ബുമ്രയുടെ തിരിച്ചുവരവിനു കളമൊരുക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 3 മുതൽ 13 വരെ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ സെലക്ടർമാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഈ ടീമിൽ ബുമ്രയെ ഉൾപ്പെടുത്താനുള്ള സാധ്യത കുറവാണെന്നാണ് ബിസിസിഐയുടെ അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. ഓഗസ്റ്റ് 18, 20, 23 തീയതികളിലാണ് അയർലൻഡിനെതിരായ ട്വന്റി20 മത്സരങ്ങൾ. ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പിനായി ടീമിനെ സജ്ജമാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റും നിർണായകമാണ്. അതുകൊണ്ടു തന്നെ 50 ഓവർ മത്സരങ്ങൾ കളിപ്പിക്കുന്നതിനു മുൻപ് ട്വന്റി20യിൽ ബുമ്രയെ പരീക്ഷിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

സെലക്ടർമാർ, നാഷനൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) അധികൃതർ, ബിസിസിഐ എന്നിവർ ബുമ്രയുമായി ആശയവിനിമയം നടത്തുന്നുണ്ട്. നാല് ഓവർ മത്സരങ്ങൾ കളിച്ച് തുടങ്ങനാണ് നിർദേശം. നട്ടെല്ലിന്റെ പ്രശ്‌നങ്ങളും പിന്നീട് ശസ്ത്രക്രിയയും കാരണം കഴിഞ്ഞ സെപ്റ്റംബർ മുതൽ ബുമ്ര ടീമിനു പുറത്താണ്. ഇപ്പോൾ ബെംഗളൂരുവിലെ എൻസിഎയിൽ പരിശീലനത്തിലാണ്. ഏഴുപതു ശതമാനം പരുക്ക് ഭേദമായെന്നാണ് വിവരം. അയർലൻ‌ഡ് പര്യടനത്തിന് രണ്ടു മാസത്തോളം ശേഷിക്കെ തിരിച്ചുവരാനാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് താരം. അപ്പോഴേയ്ക്കും ശസ്ത്രിയ കഴിഞ്ഞ് ആറു മാസം വിശ്രമം ലഭിച്ചിട്ടുണ്ടാകും.

മത്സരങ്ങളിൽ ബുമ്രയുടെ പ്രകടനം എങ്ങനെയാകും എന്നതാണ് താരത്തിന്റെ തിരിച്ചുവരവിൽ പ്രധാന ഘടകം. അടുത്ത മാസം എൻസിഎയിൽ താരം കുറച്ച് മത്സരങ്ങൾ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരത്തിന്റെ ദൈർഘ്യത്തേക്കാൾ മത്സരശേഷമുള്ള താരത്തിന്റെ അവസ്ഥയാണ് പ്രധാനം. അതിനാൽ ഈ മത്സരങ്ങൾക്ക് ശേഷമുള്ള ബുമ്രയുടെ പ്രതികരണങ്ങളെ ആശ്രയിച്ചിരിക്കും അയർലൻഡ് പരമ്പരയിൽ അദ്ദേഹത്തെ ഉൾപ്പെടുത്താനുള്ള തീരുമാനം.

അതേസമയം, പരുക്കറ്റ മറ്റൊരു താരം കെ.എൽ. രാഹുലും എൻസിഎയിലുണ്ട്. മേയിൽ തുടയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ഏഷ്യാ കപ്പിൽ രാഹുൽ കളിക്കാൻ സാധ്യതയില്ല. മുതുകിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രേയസ് അയ്യരുടെ ആരോഗ്യനില സംബന്ധിച്ചു പൂർണ വിവരമില്ല.

Top