ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ബുംറ കളിക്കുന്ന കാര്യം മത്സര ദിവസം തീരുമാനിക്കും

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കുന്ന കാര്യം മത്സര ദിവസമായ നാളെ തീരുമാനിക്കുമെന്ന് ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്. ടീമിന്റെ മെഡിക്കല്‍ സംഘം പരിക്കേറ്റ ബുംറയെ ഇപ്പോഴും നിരീക്ഷിച്ചുവരികയാണെന്നും റാത്തോഡ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് അറിയാന്‍ നാളെ രാവിലെ വരെ കാത്തിരിക്കേണ്ടതായി വരും. അദ്ദേഹത്തിന് കളിക്കാനാകുമെങ്കിലും ഇല്ലെങ്കിലും ഞങ്ങള്‍ അത് കൈകാര്യം ചെയ്യും.” അദ്ദേഹം പറഞ്ഞു.

സിഡ്നി ടെസ്റ്റിനിടെ ഉദരഭാഗത്താണ് ബുംറയ്ക്ക് പരിക്കേറ്റത്. തുടർന്ന് സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഫീല്‍ഡിങ്ങിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. ബുംറയ്ക്ക് കളിക്കാന്‍ സാധിക്കാതിരുന്നാല്‍ മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി എന്നിവര്‍ക്കൊപ്പം ഷാര്‍ദുല്‍ താക്കൂറോ ടി. നടരാജനോ കളിച്ചേക്കും.

Top