ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ജസ്പ്രീത് ബുമ്ര; തിരിച്ചുവരവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്

വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര പുറത്തിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായി. ന്യുസിലന്‍ഡിലാണ് താരം ശസ്ത്രക്രിയ നടത്തിയത്. ദേശീയക്രിക്കറ്റ് അക്കാദമിയില്‍ വിശ്രമത്തിലായിരുന്നെങ്കിലും ശസ്ത്രക്രിയ അനിവാര്യമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് ഉടന്‍ തീരുമാനമെടുത്തത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ബുമ്ര തിരിച്ചുവരാനാകുമെന്നാണ് കരുതുന്നത്. ഓഗസ്റ്റില്‍ താരം പരിശീലനം ആരംഭിക്കും.

ഐപിഎല്ലും ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ബുമ്ര നഷ്ടമാകുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മുതല്‍ പരിക്ക് കാരണം വിട്ടുനില്‍ക്കുകയാണ് ബുമ്ര. ഏകദിന ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് ബുമ്ര ശസ്ത്രക്രിയക്ക് തയ്യാറായത്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഏഴ് മാസമെടുത്തിട്ടും ബുമ്രയുടെ ആരോഗ്യം മെച്ചപ്പെടാത്ത സാഹചര്യത്തില്‍ താരത്തിനോട് ശസ്ത്രക്രിയ ബിസിസിഐയുടെ മെഡിക്കല്‍ സംഘം നിര്‍ദേശിച്ചിരുന്നു.

ഇതോടെയാണ് ബുമ്ര ന്യൂസിലന്‍ഡിലേക്ക് തിരിച്ചത്. ജോഫ്ര ആര്‍ച്ചര്‍, ഷെയ്ന്‍ ബോണ്ട് തുടങ്ങിയ താരങ്ങളുടെ ശസ്ത്രക്രിയ വിജയകരമായി മുമ്പ് പൂര്‍ത്തിയാക്കിയ ഡോക്ടര്‍ റോവന്‍ സ്‌കൗട്ടനാണ് ബുമ്രയേയും ചികിത്സിച്ചത്. മൂന്ന് മുതല്‍ നാല് മാസം വരെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ബുമ്രക്ക് വേണ്ടിവന്നേക്കും. വിവിധ പരമ്പരകള്‍ക്ക് പുറമെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി, ഐപിഎല്‍ 2023 എന്നിവയ്‌ക്കൊപ്പം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ബുമ്രക്ക് നഷ്ടമാകുമെന്നാണ് അറിയുന്നത്. തിരിച്ചുവരവ് എപ്പോഴെന്ന് ഇപ്പോഴും ഉറപ്പ് പറയാനായിട്ടില്ല.

ശസ്ത്രക്രിയ വൈകിയത് ബുമ്രയുടെ ആരോഗ്യം കൂടുതല്‍ വഷളാക്കിയെന്നാണ് സൂചന. 2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജസ്പ്രീത് ബുമ്ര പുറംവേദനയുള്ളതായി പരാതിപ്പെടുന്നത്. 2019ല്‍ ഏറ്റ പരിക്കിന്റെ തുടര്‍ച്ചയായിരുന്നു ഇത്. 2022 ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നെങ്കിലും പരിക്ക് തിരിച്ചടിയായി. ഇതോടെ താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ മടങ്ങിയെത്തി. പരിക്ക് ഭേദമാക്കാത്തതിനാല്‍ ഏഷ്യാ കപ്പും ട്വന്റി 20 ലോകകപ്പും ബുമ്രക്ക് നഷ്ടമായി.

Top