ടെസ്റ്റ് ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യനെന്ന നേട്ടവുമായി ജസ്പ്രീത് ബുംറ

കിങ്സ്റ്റണ്‍: ടെസ്റ്റ് ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് നേട്ടത്തിനര്‍ഹനായി ജസ്പ്രീത് ബുംറ. ഇന്ത്യ- വിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ബുംറ ഹാട്രിക് നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 44-ാം ഹാട്രിക്കിനാണ് ജമൈക്ക സാക്ഷ്യം വഹിച്ചത്. ഇംഗ്ലണ്ടിന്റെ മോയിന്‍ അലി 2017ല്‍ നേടിയ ടെസ്റ്റ് ഹാട്രിക്കാണ് ഇതിനു മുന്‍പുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിലായിരുന്നു മോയിന്‍ അലിയുടെ ഈ നേട്ടം.

ഹാട്രിക്കടക്കം ആറു വിക്കറ്റുകള്‍ ബുംറ സ്വന്തമാക്കി. മത്സരത്തിന്റെ 14-ാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്ക് പ്രകടനം. 14-ാം ഓവറിന്റെ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ (4) രാഹുലിന്റെ കൈകളിലെത്തിച്ച ബുംറ തൊട്ടടുത്ത രണ്ടു പന്തുകളില്‍ ഷമാര്‍ ബ്രൂക്ക്സിനെയും റോസ്റ്റണ്‍ ചേസിനെയും വിക്കറ്റിനു മുന്നില്‍ കുടുക്കി. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (10), ജോണ്‍ കാംബെല്‍ (2), ജേസണ്‍ ഹോള്‍ഡര്‍ (18) എന്നിവരെയും പുറത്താക്കിയ ബുംറ വെറും 16 റണ്‍സ് വഴങ്ങിയാണ് ആറു വിക്കറ്റെടുത്തത്.

ഹര്‍ഭജന്‍ സിങ്ങും ഇര്‍ഫാന്‍ പത്താനുമാണ് ഇതിനു മുമ്പ് ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഹാട്രിക്ക് നേടിയ ബൗളര്‍മാര്‍. 2001ല്‍ കൊല്‍ക്കത്തയില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ഹര്‍ഭജന്റെ ഹാട്രിക്ക് നേട്ടം. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ആദ്യ ഹാട്രിക്കായിരുന്നു ഇത്. 2006-ല്‍ കറാച്ചിയില്‍ പാക്കിസ്ഥാനെതിരെയായിരുന്നു ഇര്‍ഫാന്‍ പത്താന്റെ ഹാട്രിക്ക് നേട്ടം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് നേടിയ ബൗളറാണ് പത്താന്‍.

Top