പൊലീസിനെ അഭിനന്ദിച്ച കെ എസ് യു നേതാവിന് നേരെ കോണ്‍ഗ്രസ്സില്‍ അമര്‍ഷം

മലപ്പുറം: ഭരണപക്ഷത്തെ വെട്ടിലാക്കിയ വനിതാ വിദ്യാര്‍ത്ഥി നേതാവിന്റെ നടപടിയില്‍ കോണ്‍ഗ്രസ്സില്‍ അമര്‍ഷം പുകയുന്നു

നടുറോഡില്‍ അപമാനിക്കപ്പെട്ട കെ എസ് യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി, ശരവേഗത്തില്‍ നീതി നടപ്പാക്കിയ മങ്കട പൊലീസ് നടപടി മാതൃകയാണെന്ന് പറഞ്ഞ് ഫേസ് ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത നടപടിയാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇതേ വികാരം തന്നെയാണ് യൂത്ത് കോണ്‍ഗ്രസ്സിലെയും കെഎസ്‌യുവിലെയും ഒരു വിഭാഗത്തിനുള്ളത്.

പിണറായിയുടെ പൊലീസിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കെ എസ് യു നേതാവ് പൊലീസിനെ വെള്ളപൂശിയത് സി പി എം അനുകൂല മാധ്യമങ്ങള്‍ പ്രചരണമാക്കുകയും ഇടത് സൈബര്‍ പോരാളികള്‍ അത് ഏറ്റടുക്കുകയും ചെയ്തതിലാണ് ഖദര്‍ ധാരികളുടെ രോഷം മുഴുവന്‍.

വാര്‍ത്തയാക്കാതെ അടങ്ങിയിരിക്കാമായിരുന്നില്ലേ എന്നാണ് ഈ വിഭാഗത്തിന്റെ ചോദ്യം. അച്ചടക്ക നടപടി സ്വീകരിക്കണമെന്ന അഭിപ്രായം വരെ ചില നേതാക്കള്‍ പറഞ്ഞതായാണ് ലഭിക്കുന്ന സൂചന.

മഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജസ്ലയെ മൂന്നു യുവാക്കള്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയത്. പല തവണ ബൈക്കില്‍, അവരുടെ വാഹനം ഉപയോഗിച്ച് കുത്തിക്കാന്‍ ശ്രമിച്ചെന്നും നിരവധി തവണ തന്നോട് അസഭ്യം പറയുകയും ചെയ്തുവെന്നും ജസീല പറയുന്നു. സംഭവത്തില്‍ ഭയന്ന ജസ്ല യുവാക്കളുടെ വാഹനത്തിന്റെ നമ്പര്‍ നോട്ട് ചെയ്ത് മങ്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

പരാതി നല്‍കി 20 മിനിറ്റിനുള്ളില്‍ ശല്യം ചെയ്ത യുവാക്കളെ പിടികൂടിയെന്ന് അറിയിച്ച് മങ്കട പൊലീസ് വിളിക്കുകയായിരുന്നെന്നും ജസ്ല പറയുന്നു. തന്നോട് പൊലീസ് കാണിച്ച ജാഗ്രതയിലും പരിഗണനയിലും അഭിന്ദിക്കുന്നുവെന്നും ജസ്ല വീഡിയോയില്‍ പറയുന്നു.

പൊലീസിനെ അഭിനന്ദിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്നും ജസ്ല വ്യക്തമാക്കി. സമാന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പതറിപ്പോവരുതെന്നും വാഹനത്തിന്റെ നമ്പറും വിവരങ്ങളും ഓര്‍ത്തുവെച്ച് പ്രതികരിക്കാന്‍ തയ്യാറാവണമെന്നും ജസ്ല വീഡിയോയിലൂടെ പറയുന്നു.

ജസ്ലയുടെ പരാതിയില്‍ മലപ്പുറം വെള്ളില സ്വദേശികളായ ഷഫീഖ് അലി (23), നൗഫല്‍ (27), അബ്ദുള്ള (20) എന്നിവരെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്.

Top