കേരളത്തിന് ധനസഹായം നല്‍കണമെന്ന് നിബന്ധന; എംഎല്‍എക്കെതിരായ കേസ് തീര്‍പ്പാക്കി

court-order

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് രണ്ടര ലക്ഷം രൂപ നല്‍കണം എന്ന വ്യവസ്ഥയില്‍ എംഎല്‍എക്കെതിരായ കോടതിയലക്ഷ്യ കേസ് ജാര്‍ഖണ്ഡ് ഹൈക്കോടതി ഒഴിവാക്കി.

പ്രളയ ദുരിതാശ്വാസത്തിനുള്ള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് രണ്ടര ലക്ഷം രൂപ നല്‍കുക എന്ന വ്യവസ്ഥയിലാണ് ആര്‍ജെഡി എംഎല്‍എ ഭോല യാദവിനെതിരായ കോടതിയലക്ഷ്യ കേസ് കോടതി ഒത്തുതീര്‍പ്പാക്കിയത്.

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ കാലിത്തീറ്റ അഴിമതി കേസില്‍ 14 വര്‍ഷത്തെ ജയില്‍ ശിക്ഷയും 60 ലക്ഷം രൂപ പിഴയും വിധിച്ച കോടതി വിധിക്കെതിരെ ഭോല യാദവ് നടത്തിയ പരാമര്‍ശത്തിനാണ് കോടതി എംഎല്‍എയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചത്.

എന്നാല്‍, പ്രസ്താവന സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം തന്റെ പരാമര്‍ശം തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നാണ് എംഎല്‍എ കോടതിയില്‍ വാദിച്ചിരുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ, കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ടര ലക്ഷം രൂപ സംഭാവന ചെയ്യണമെന്ന വ്യവസ്ഥയോടെ ജസ്റ്റീസുമാരായ അപരേഷ് കുമാര്‍, രത്‌നകര്‍ ഭെങ്ക്‌റ എന്നിവരുടെ ബെഞ്ച് എംഎല്‍എയുടെ ക്ഷമാപണം സ്വീകരിച്ച് കോടതി നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

Top