ജപ്പാന്‍ – കൊറിയ സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് പിണറായിയും സംഘവും ഒസാക്കയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും ജപ്പാന്‍ കൊറിയ സന്ദര്‍ശനം ആരംഭിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് മുഖ്യമന്ത്രിയും സംഘവും ഒസാക്കയിലെത്തിയത്. തുടര്‍ന്ന് അവര്‍ മലയാളി സമൂഹവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ നല്‍കിയ കൈത്താങ്ങ് വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ കായിക യുവനക്ഷേമ വകുപ്പ് മന്ത്രിയും ഗതാഗത മന്ത്രിയും ഉദ്യോഗസ്ഥ പ്രമുഖരുമാണ് മുഖ്യമന്ത്രിയുടെ സംഘത്തിന് ഒപ്പമുള്ളത്. ബിസിനസ് പ്രൊഫഷണല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ത്ഥികളും സംവാദത്തില്‍ പങ്കെടുത്തു. നാടിന്റെ പരിച്ഛേദമാണ് ഇവിടെ കൂടിയിട്ടുള്ളതെന്നും ജപ്പാനില്‍ മലയാളികള്‍ വളരെ കൂടുതലല്ലെന്നും എന്നാല്‍ മലയാളികള്‍ ലോകത്തിന്റെ ഏത് ഭാഗത്തും നിറഞ്ഞ സാന്നിധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസി സൂഹത്തെ കൂടി പങ്കാളിയാക്കാന്‍ ലക്ഷ്യമിട്ടാണ് ലോക കേരള സഭ തുടങ്ങിയത്. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതില്‍ ജപ്പാന്‍ മികച്ച മാതൃകയാണെന്നും പ്രളയം അടക്കം പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അതിജീവനത്തിന്റെ ജപ്പാന്‍ മാതൃക പഠിക്കുക കൂടിയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top