ഇന്ത്യ കാട്ടാത്ത ചങ്കൂറ്റം ജപ്പാൻ കാട്ടി, ഇറാനിൽ നിന്നും എണ്ണ വാങ്ങുമെന്ന്…

ദുബായ്: അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനിടയിലും ജപ്പാന്‍ ഇറാനില്‍ നിന്നും എണ്ണ വാങ്ങാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ഇറാനിലെത്തിയ ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബെയും ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന വിവരം.

ഇക്കാര്യത്തില്‍ ജപ്പാന്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും രാജ്യത്തിന് ഉറപ്പ് ലഭിച്ചതായി ഹസന്‍ റൂഹാനി വിശദീകരിച്ചു. കഴിഞ്ഞ ദിവസം ആബെയുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റൂഹാനി ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നതിന് മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ജപ്പാന്‍ മദ്ധ്യസ്ഥത വഹിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ഇത് നിര്‍ത്താന്‍ അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നിലവില്‍ അമേരിക്കന്‍ ഉപരോധം ഭയന്ന് ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ഇറാനില്‍ നിന്നുള്ള എണ്ണയിറക്കുമതി നിറുത്തി വച്ചിരിക്കുകയാണ്.

ഇതിനിടയിലാണ് അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയും ഗള്‍ഫ് മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടായതും. കഴിഞ്ഞ ദിവസം ഒമാന്‍ കടലിടുക്കില്‍ വച്ച് രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണം ഇറാന്‍ നടത്തിയതാണെന്നാണ് അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഇറാന്‍ നിഷേധിച്ചിരിക്കുകയാണ്.

ഇതിന് പിന്നാലെയാണ് ഇറാനില്‍ നിന്നും പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങാന്‍ താത്പര്യമറിയിച്ച് ജപ്പാന്‍ രംഗത്തെത്തിയത്. അമേരിക്കയുമായി അടുത്ത സൗഹൃദമുള്ള രാജ്യമാണ് ജപ്പാന്‍. യു.എസ് പ്രതിരോധം മറികടന്ന് ജപ്പാന്‍ ഇറാനില്‍ നിന്നും എണ്ണ വാങ്ങാന്‍ തീരുമാനിച്ചാല്‍ അമേരിക്കയ്ക്ക് അത് വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

വിദേശ വിനിമയ വിപണിയെയും പേയ്മെന്റുകളെയും ക്രമീകരിച്ച് സാമ്പത്തിക രംഗത്തെ വീഴ്ച ഒഴിവാക്കി മുന്നോട്ട് പോകാനാണ് ഇറാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഓയില്‍ ഫ്രീ ഇക്കണോമിക് കണ്ടക്ട് എന്നാണ് ഇറാന്‍ ഇതിന് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇറാന്‍ ആരുമായും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരുമായും സമാധാനത്തില്‍ നീങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ഒരുപക്ഷേ ആരെങ്കിലും ഇറാനെതിരെ ആക്രമണം നടത്തിയാല്‍ അവര്‍ക്ക് വേണ്ടി പല സര്‍പ്രൈസുകളും കരുതിവച്ചിട്ടുണ്ടെന്നും ഇറാന്‍ പറഞ്ഞു.

Top