ചാന്ദ്രരാത്രി അതിജീവിച്ച് ജപ്പാന്റെ ‘മൂണ്‍ സ്‌നൈപ്പര്‍’ പേടകം

ഒരു ചാന്ദ്രരാത്രി അതിജീവിച്ച് ജപ്പാന്റെ മൂണ്‍ സ്‌നൈപ്പര്‍ ചാന്ദ്ര പേടകം. രണ്ടാഴ്ച നീളുന്ന ചന്ദ്രനിലെ രാത്രിയിലെ കടുത്ത ശൈത്യത്തെ അതിജീവിക്കും വിധം രൂപകല്‍പന ചെയ്യപ്പെട്ടിട്ടില്ലാത്ത പേടകം അപ്രതീക്ഷിതമായാണ് വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഇപ്പോള്‍ചന്ദ്രനില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പേടകം ഭൂമിയിലേക്ക് അയച്ചു.

സ്മാര്‍ട് ലാന്റര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ അഥവാ സ്ലിം ദൗത്യം ജനുവരി 19-നാണ് ചന്ദ്രനിലിറങ്ങിയത്. കേടുകൂടാതെ ചന്ദ്രനിലിറങ്ങിയെങ്കിലും തലകീഴായാണ് പേടകം ഇറങ്ങിയത്. ഇതേ തുടര്‍ന്ന് പേടകത്തിലെ സോളാര്‍ പാനലുകള്‍ നിവര്‍ന്നു നില്‍ക്കുന്നതിനു പകരം പടിഞ്ഞാറോട്ട് അഭിമുഖീകരിക്കുകയും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ സൂര്യപ്രകാശം ലഭിക്കാതിരിക്കുകയും ചെയ്തു. തുടര്‍ന്ന് ബഹിരാകാശ പേടകത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിനായി പേടകത്തിന്റെ ബാറ്ററി ഓഫ് ചെയ്തു വെക്കുകയായിരുന്നു.

രാത്രിയിലെ കടുത്ത ശൈത്യത്തെ അതിജീവിച്ചാല്‍, പിന്നീട് സൂര്യന്റെ സ്ഥാനം മാറുന്നതിനനുസരിച്ച് സോളാര്‍ പാനലിലേക്ക് പ്രകാശം എത്തുകയും വൈദ്യുതി ഉല്പാദനം പുനരാരംഭിക്കാനാവുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. ചാന്ദ്രരാത്രി ആരംഭിക്കുന്നതിന് മുമ്പ് ദിവസങ്ങളുടെ ഇടവേളകളില്‍ ബാറ്ററി ഓണ്‍ ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ഫെബ്രുവരി ഒന്നിനാണ് ചിത്രം അയച്ചത്. ശേഷം രണ്ടാഴ്ചത്തേക്ക് പേടകം ഓഫ് ചെയ്തുവെച്ചു. നാസയുടെ കണക്കനുസരിച്ച് ചാന്ദ്ര രാത്രിയിലെ താപനില മൈനസ് 133 ഡിഗ്രി സെല്‍ഷ്യസ് താഴ്‌ന്നേക്കും.

ചാന്ദ്രരാത്രിയെ അതീജിവിക്കാനാകും വിധമായിരുന്നില്ല പേടകത്തിന്റെ രൂപകല്‍പനയെങ്കിലും രാത്രിയ്ക്ക് ശേഷം ഫെബ്രുവരി പകുതിയോടെ പേടകവുമായുള്ള ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് ദൗത്യ സംഘം അറിയിച്ചിരുന്നു. പിന്നീട് മിഷന്‍ ടീം അയച്ച കമാന്റിന് പേടകത്തില്‍ നിന്ന് പ്രതികരണം ലഭിക്കുകയായിരുന്നു. ഇക്കാര്യം ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ എക്‌സ് വഴി അറിയിച്ചു.

എന്നാല്‍ ഉച്ച സമയം ആയതിനാല്‍ ചന്ദ്രനില്‍ ഉയര്‍ന്ന താപനിലയാണെന്നും ആശയവിനിമയ ഉപകരണങ്ങളിലെ താപനില വളരെ കൂടുതലായിരുന്നുവെന്നും ജാക്‌സ പറഞ്ഞു. ഇതേ തുടര്‍ന്ന് കുറച്ച് സമയത്തിന് ശേഷം ബന്ധം വിച്ഛേദിക്കപ്പെട്ടു. താപനില കുറയുന്നതിനനുസരിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ജാക്‌സ പറഞ്ഞു. മുമ്പ് ഇന്ത്യയുടെ ചന്ദ്രയാന്‍ 3 പേടകവും രണ്ടാഴ്ചത്തെ ചാന്ദ്രരാത്രിയ്ക്ക് ശേഷം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയം കണ്ടിരുന്നില്ല

Top