japanese wireless sets expose pakistan link to uri

ശ്രീനഗര്‍ : ഉറി കരസേനാതാവളം ആക്രമിക്കാനെത്തിയ ഭീകരര്‍ക്ക് പാക്ക് സഹായം ലഭിച്ചിരുന്നതിന് ഭീകരര്‍ ഉപയോഗിച്ച വയര്‍ലെസ് സെറ്റുകള്‍ തെളിവായേക്കും.

ജപ്പാന്‍ നിര്‍മ്മിത വയര്‍ലെസ് സെറ്റുകളാണ് ഭീകരര്‍ ഉപയോഗിച്ചത്. ജാപ്പനീസ് കമ്പനിയായ ഐകോമാണിതു നിര്‍മ്മിച്ചതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തിയിട്ടുണ്ട്.

ഏതെങ്കിലും രാജ്യത്തിന്റെ സുരക്ഷാ സേനകള്‍ക്ക് മാത്രമേ ഇത്തരം വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. ജപ്പാന്‍ കമ്പനി പാക്കിസ്ഥാന് ഇവ വിറ്റിട്ടുണ്ടോയെന്നു എന്‍ഐഎ പരിശോധിക്കുകയാണ്.

ഭീകരരുടെ പക്കല്‍നിന്നും കണ്ടെടുത്ത വയര്‍ലെസ് മോഡല്‍ സംബന്ധിച്ച വിവരങ്ങള്‍ പാക്കിസ്ഥാന് ഇന്ത്യ കൈമാറുമെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് കശ്മീരിലെ ഉറി കരസേനാതാവളത്തില്‍ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ നാലു ഭീകരരെയും സൈന്യം വധിച്ചു. പാക്കിസ്ഥാന്‍ മുദ്രയുള്ള ഉപകരണങ്ങള്‍ അടക്കം നാല് എകെ 47 റൈഫിളുകളും നാലു ഗ്രനേഡ് ലോഞ്ചറുകളും ഒട്ടേറെ യുദ്ധ സാമഗ്രികളും സംഭവസ്ഥലത്തുനിന്നും സൈന്യം കണ്ടെടുത്തിരുന്നു.

Top