കൊവിഡിനെ അതിവേഗം തുരത്താൻ സഹായിക്കുന്ന ഗുളിക കണ്ടെത്തി ജാപ്പനീസ് മരുന്ന് കമ്പനി

ടോക്കിയോ: കൊവിഡിനെ അതിവേഗം തുരത്താൻ സഹായിക്കുന്ന ഗുളിക കണ്ടെത്തിയതായി ജാപ്പനീസ് മരുന്ന് കമ്പനി. ഉടൻ തന്നെ മരുന്നിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തി മരുന്ന് ജനങ്ങളിലേയ്ക്ക് എത്തിക്കുമെന്നും നിർമാണ കമ്പനിയായ ഷിയോണോഗി ആന്റ് കോ ലിമിറ്റഡ് പ്രസ്താവനയിലൂടെ അറിയിച്ചു.

s-217622 എന്ന് പേരിട്ടിരിക്കുന്ന ഗുളികയുടെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയെന്നും ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന അഞ്ച് പ്രധാന ലക്ഷണങ്ങളെ തടഞ്ഞ് കൊവിഡ് വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ ഈ ഗുളിക സഹായിക്കുമെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്.

യുഎസ് സർക്കാരിന്റെ പിന്തുണയോടെ മരുന്നിന്റെ ആഗോളതലത്തിലുള്ള പരീക്ഷണം നടത്തുമെന്ന് നിർമാണ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഇസാവോ ടെഷിരോഗി പറഞ്ഞിരുന്നു. മരുന്നിന്റെ വിതരണം ഏറ്റെടുക്കാൻ യുഎസ് സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഷിയോണോഗി പ്രസ്താവന പുറത്തിറക്കിയത്.

Top