നെറ്റ്ഫ്‌ളിക്‌സ്‌ റിയാലിറ്റി ഷോ താരം, ജാപ്പനീസ് വനിതാ റെസ്ലര്‍ അന്തരിച്ചു; ദുരൂഹത

ടോക്യോ: നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ടെറസ് ഹൗസ്’ എന്ന റിയാലിറ്റി ഷോയിലെ താരവും ജാപ്പനീസ് വനിതാ ഗുസ്തി താരവുമായിരുന്ന ഹന കിമുറ അന്തരിച്ചു. 22 വയസ്സായിരുന്നു. ജാപ്പനീസ് റെസ്ലിങ് ഓര്‍ഗനൈസേഷനാണ് ഹനയുടെ മരണവിവരം പുറത്തുവിട്ടത്. മരണ കാരണം പുറത്തുവിട്ടിട്ടില്ലെങ്കിലും ഹന കടുത്ത സൈബര്‍ ആക്രമണം നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ താരം ജീവനൊടുക്കുകയായിരുന്നുവെന്നും പറയുന്നു. മാത്രമല്ല

മരണത്തിനു മുമ്പുള്ള ഹനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇത് ഒരു ആത്മഹത്യയാണെന്ന സംശയമുയര്‍ത്തുന്നതായി ജാപ്പനീസ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെറ്റ്ഫ്‌ളിക്‌സും ജപ്പാനിലെ ഫ്യൂജി ടെലിവിഷനും ചേര്‍ന്ന് സംപ്രേഷണം ചെയ്ത ഏറെ ശ്രദ്ധനേടിയ ജാപ്പനീസ് റിയാലിറ്റി ഷോയായിരുന്നു ടെറസ് ഹൗസ്.

ഒരിടത്ത് കഴിയുന്ന അപരിചിതരായ മൂന്നു സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് ഈ ഷോയിലെ അംഗങ്ങള്‍. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ഷോ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഈ ഷോയിലെ ഹന കിമുറയുടെ പെരുമാറ്റം ശരിയല്ലെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ് തന്റെ പൂച്ചയുമൊത്തുള്ള ഒരു ചിത്രം ഹന പങ്കുവെച്ചിരുന്നു. ‘നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു, ഒരുപാടു കാലം സന്തോഷത്തോടെ ജീവിക്കൂ, എന്നോട് ക്ഷമിക്കൂ’, എന്നായിരുന്നു താരം ഈ ചിത്രത്തിനൊപ്പം കുറിച്ചത്. മാത്രമല്ല ‘ഗുഡ്‌ബൈ’ എന്നെഴുതിയ ഒരു ചിത്രവും ഹന പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ മരണവിവരം പുറത്തുവരുന്നത്.

Top