ഒരു മുഴം മുന്നേ! ഉത്തരകൊറിയന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ മുന്നൊരുക്കങ്ങളുമായി ജപ്പാന്‍

nuclear test

ടോക്കിയോ: ഉത്തരകൊറിയയെ പ്രതിരോധിക്കാന്‍ മുന്നൊരുക്കങ്ങളുമായി ജപ്പാന്‍. ഉത്തരകൊറിയയുടെ മിസൈല്‍ പതിച്ചാല്‍ എന്തൊക്കെ രക്ഷാനടപടികള്‍ കൈക്കൊള്ളണമെന്നതില്‍ പരിശീലനം ശക്തമാക്കിയിരിക്കുകയാണ് ജപ്പാന്‍. മിസൈല്‍ പതിച്ചാല്‍ ജനത്തെ സബ്‌വേ സ്റ്റേഷനുകളിലേക്കും ഭൂമിക്കടിയിലെ കെട്ടിടങ്ങളിലേക്കും മാറ്റി സുരക്ഷിതരാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മുന്നൂറോളം സന്നദ്ധ പ്രവര്‍ത്തകരെ രംഗത്തിറക്കിയാണ് ടോക്കിയോ ഡോം ബേസ്‌ബോള്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കു ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. ഇതാദ്യമായാണ് ഉത്തര കൊറിയന്‍ ഭീഷണി നേരിടുന്നതിനു ജപ്പാന്‍ മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നത്.

അടിയന്തര സാഹചര്യങ്ങള്‍ മറികടക്കുന്നതിന് ഇത്തരം നടപടികള്‍ സ്വീകരിച്ചേ മതിയാകുവെന്നാണ് ജപ്പാന്‍ സര്‍ക്കാരിന്റെ നിലപാട്. ഉത്തര കൊറിയയുടെ മിസൈല്‍ ജപ്പാനിലെത്താന്‍ പത്തു മിനിറ്റു സമയം മാത്രം മതി. മിസൈല്‍ വിക്ഷേപണം നടത്തി മൂന്നു മിനിറ്റുകഴിഞ്ഞാലെ ആദ്യ അറിയിപ്പു ലഭിക്കുകയുള്ളു. ബാക്കിയുള്ള സമയത്തിലാണ് സുരക്ഷിതമായ ഒരു സ്ഥാനം കണ്ടെത്തി ജനങ്ങളെ അങ്ങോട്ടുമാറ്റേണ്ടതെന്ന് ജാപ്പനീസ് സര്‍ക്കാര്‍ വക്താവ് ഹിരോയുകു സുവനെഗ പറഞ്ഞു.

എന്നാല്‍, ജപ്പാന്റെ അടിയന്തിര നടപടികള്‍ക്കെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മോക് ഡ്രില്ലിനെതിരെ പ്രതിഷേധവുമായെത്തിയവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ഇത്തരം സംഭവങ്ങള്‍ ജനത്തില്‍ ഭീതി വളര്‍ത്തുമെന്നാണ് പ്രതിഷേധക്കാരുടെ വീക്ഷണം.

അതേസമയം, ദക്ഷിണ കൊറിയയില്‍ അടുത്ത മാസം നടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ ഉത്തര കൊറിയയും പങ്കെടുക്കുന്നുണ്ട്. ഇതോടെ മേഖലയിലെ സംഘര്‍ഷം അയയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതു വിശ്വാസത്തിലെടുക്കാന്‍ ജപ്പാന്‍ തയ്യാറായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ നീക്കങ്ങള്‍.

Top