ഉത്തരകൊറിയയ്‌ക്കെതിരെ ജപ്പാന്‍, യുഎസ് , ദക്ഷിണകൊറിയന്‍ മിസൈല്‍ പരിശീലനം

ടോക്കിയോ : ഉത്തര കൊറിയ ഉയർത്തുന്ന വെല്ലുവിളികൾ പ്രതിരോധിക്കാൻ നിരന്തരം സൈനിക പരിശീലനങ്ങൾ നടത്തുകയാണ് കിം ജോങ് ഉന്നിന്റെ എതിരാളികൾ.

ആർക്കും വെല്ലുവിളിക്കാനോ, തോൽപ്പിക്കാനോ കഴിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം
അർധരാത്രി ഉത്തര കൊറിയ വിജയകരമായി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ.

ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങൾ എതിർക്കുന്ന ലോക രാജ്യങ്ങൾക്ക് കടുത്ത തിരിച്ചടിയായിരുന്നു ഈ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം.

കിം ജോങ് ഉൻ നടത്തുന്ന ഈ വെല്ലുവിളികൾ മറികടക്കാൻ അമേരിക്കയും ദക്ഷിണ കൊറിയയും കഴിഞ്ഞ ദിവസം സംയുകത സൈനിക പരിശീലനം നടത്തിയിരുന്നു.

വീണ്ടും ഉത്തരകൊറിയൻ പ്രതിസന്ധിയെ മറികടക്കാൻ അമേരിക്കയും, ദക്ഷിണ കൊറിയയും, ജപ്പാനും മിസൈൽ പരിശീലനം നടത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ.

ജപ്പാനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സാണ് പുതിയ മിസൈൽ പരിശീലനം സബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.

ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങളും , അന്താരാഷ്ട്ര നിലപടുകളും മറികടന്നുകൊണ്ട് ഉത്തരകൊറിയ ജപ്പാനുമേൽ രണ്ടു മിസൈലുകൾ പരീക്ഷിച്ചിരുന്നു.

നവംബർ 29 ന് ജപ്പാൻമേൽ നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം അമേരിക്കയെ ലക്ഷ്യമാക്കിയുള്ളതായിരുന്നു.

പുതിയ മിസൈൽ പരിശീലനം മൂന്ന് രാജ്യങ്ങളും നടത്തുന്ന ആറാമത്തെ സൈനിക നടപടിയാണ്.

ദക്ഷിണകൊറിയ, ജപ്പാൻ, അമേരിക്ക എന്നി രാജ്യങ്ങൾക്ക് നേരെ ഉത്തര കൊറിയ നിരന്തരമായി വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിലാണ് ഇത്തരം സംയുക്ത പരിശീലനങ്ങൾ നടത്തുന്നത്.

യുദ്ധത്തിന് രാജ്യം എപ്പോഴും ഒരുക്കമാണെന്നും, വെല്ലുവിളികൾ മറികടക്കാൻ അമേരിക്കയും ദക്ഷിണ കൊറിയയും സംയുകത സൈനിക പരിശീലനം നടത്തി പ്രകോപനം തുടർന്നാൽ യുദ്ധം അനിവാര്യമാണെന്നും കഴിഞ്ഞ ദിവസത്തെ സൈനിക പരിശീലനത്തെ അപലപിച്ചു ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു.

കൊറിയൻ പെനിൻസുലയിൽ ഒരു ആണവ യുദ്ധം എപ്പോൾ സംഭവിക്കുമെന്ന് ഈ സാഹചര്യത്തിൽ പറയാൻ കഴിയില്ലെന്നും, വെല്ലുവിളികൾ കൂടിയാൽ അതുണ്ടാകുമെന്നും ഉത്തര കൊറിയ സൂചിപ്പിച്ചിരുന്നു.

എന്നാൽ ഉത്തര കൊറിയയും അമേരിക്കയും പരസ്പരം വെല്ലുവിളികൾ ഉയർത്തുമ്പോൾ പുതിയ സമാധാന സന്ദേശവുമായി റഷ്യ രംഗത്ത് എത്തിയിരുന്നു. അമേരിക്കയുമായി ഉത്തരകൊറിയ തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നാണ് റഷ്യ അറിയിച്ചത്.

പക്ഷേ മൂന്ന് രാജ്യങ്ങളും ചേർന്ന് പുതിയ പരിശീലനം നടത്തുന്ന സാഹചര്യത്തിൽ സമാധാന ചർച്ചകൾക്ക് ഉത്തര കൊറിയ ഒരിക്കലും തയ്യാറാകില്ല.

Top