സൈബർ ഗുണ്ടകൾക്ക് ‘ചക്ര’ പൂട്ടിടാൻ ലോകത്ത് ആദ്യ ചുവട് വയ്പ്പ് !

ടോക്കിയോ:റിയാലിറ്റി ഷോ താരത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സൈബര്‍ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ജപ്പാന്‍.സൈബര്‍ ആക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ നിയമ വ്യവസ്ഥയില്‍ മാറ്റം കൊണ്ടുവരാനാണ് നീക്കം.

റിയാലിറ്റി ഷോ താരവും ഗുസ്തി താരവുമായ ഇരുപത്തിരണ്ടുകാരി ഹന കിമുറയെ കഴിഞ്ഞ മാസം 23നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടെറസ് ഹൗസ് എന്ന് പരിപാടിയിലെ താരമായിരുന്ന ഹന സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ പരിഹാസങ്ങളും അസഭ്യവര്‍ഷവും നേരിട്ടിരുന്നു.

സൈബര്‍ ബുള്ളിയിംഗിനെതിരെ നിയമ നടപടി ശക്തമാക്കുന്നതിലൂടെ ഹനയ്ക്ക് നീതി ലഭിക്കുമെന്നാണ് ജപ്പാന്റെ ഭരണപക്ഷം വിശദമാക്കുന്നത്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് ഒരു പരിധി വേണമെന്ന നിലയിലാണ് നീക്കങ്ങള്‍.

അസഭ്യ വര്‍ഷവും നുണ പ്രചാരണത്തേയും വിമര്‍ശനമായി കരുതാനാവില്ലെന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജങ്കോ മിഹാര പറയുന്നത്.


കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആളുകള്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ സമയംചെലവഴിക്കാന്‍ തുടങ്ങിയതോടെയാണ് ഹനയ്‌ക്കെതിരെ സൈബര്‍ പരിഹാസം കൂടിയത്.

ജപ്പാന്റെ സൈബര്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് ഹനയുടെ ആത്മഹത്യയിലൂടെ വ്യക്തമാകുന്നത്.

2018ലെ ഒരു സര്‍വ്വേ അനുസരിച്ച് സൈബര്‍ നിയമങ്ങളും അവയിലെ നടപടിയ്ക്കും മുന്‍പിലുണ്ടായിരുന്ന 28 രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനുമുണ്ടായിരുന്നു. എന്നാല്‍ 2018 നെ അപേക്ഷിച്ച് രാജ്യത്ത് സൈബര്‍ ബുളളിയിംഗ് സംബന്ധിച്ച പരാതികള്‍ ഇരട്ടിയായെന്നാണ് നിലവിലെ സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ആശയ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആളുകളുടെ വ്യക്തിത്വത്തേയും അഭിമാനത്തെയും വൃണപ്പെടുത്തുന്ന രീതിയാണ് പൊതുവെ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ കാണുന്നത്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങളും സൈബര്‍ ബുള്ളിയിംഗ് നടത്താനും ഉപയോഗിക്കുന്നതാകാട്ടെ മിക്കതും വ്യാജ പ്രൊഫൈലുകളുമാണ്.ഇത് വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.

ഫ്യൂജി ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിര്‍മ്മിച്ച് നെറ്റ്ഫ്‌ലിക്‌സിലൂടെയായിരുന്നു ടെറസ് ഹൗസ് സംപ്രേക്ഷണം ചെയ്തിരുന്നത്. ബിഗ് ബ്രദറിന് സമാനമായ പരിപാടിയായ ടെറസ് ഹൗസില്‍ തന്റെ റെസ്ലിംഗ് വസ്ത്രങ്ങള്‍ നശിപ്പിച്ച സഹതാരത്തിനെതിരെ പരാതിപ്പെടുകയും ആക്രമിക്കുകയും ചെയ്തതോടെയാണ് ഹന വലിയ രീതിയില്‍ വിമര്‍ശനത്തിന് പാത്രമായത്.

ഗൊറില്ലയെന്ന് വരെ വിളിച്ചായിരുന്നു സോഷ്യല്‍ മീഡയയുടെ പരിഹാസം. മനശക്തിയില്ലാത്തതില്‍ മാപ്പുചോദിക്കുന്നു, എല്ലാവരും സ്‌നേഹിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് സമൂഹമാധ്യമങ്ങളിലെ കുറിപ്പിനൊപ്പമാണ് താരം കൈ ഞരമ്പ് മുറിച്ച ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

2019 ലെ സ്റ്റാര്‍ഡം ഫൈറ്റിംഗ് സ്പിരിറ്റ് അവാര്‍ഡ് ജേതാവായിരുന്നു ഹന കിമുറ.

Top