ചൈന വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യയെ നായകനാക്കി ജപ്പാന്റെ തന്ത്രപര നീക്കം !

ന്യൂഡല്‍ഹി: ചൈനാ വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയെ നായക സ്ഥാനത്തേക്ക് നയിച്ച് ജപ്പാന്റെ മിന്നല്‍ നീക്കം. കിഴക്കന്‍ ചൈന കടലിടുക്കിലും പസഫിക് സമുദ്രത്തിലും ചൈനയുടെ അതിക്രമങ്ങള്‍ തടയാന്‍ ഇന്ത്യയുടെ നായകത്വത്തില്‍ ചതുഷ്‌കോണ സംഖ്യമാണ് ജപ്പാന്‍ മുന്‍കൈയ്യെടുത്ത് രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യക്കൊപ്പം അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് പുതിയ ശാക്തിക ചേരിയില്‍ കൈകോര്‍ത്തിരിക്കുന്നത്. ഈ സഖ്യത്തിന് സര്‍വ്വവിധ പിന്തുണയുമായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി,ബ്രൂണെ, മലേഷ്യ, തായ്വാന്‍, വിയറ്റ്നാം എന്നിവയുമുണ്ട്.

ഇന്ത്യയെ പാക്കിസ്ഥാനുമായി ചേര്‍ന്ന് രണ്ടിടങ്ങളില്‍ ആക്രമിക്കുമെന്ന ഭീതി പരത്തുമ്പോള്‍ ചൈനയെ മൂന്ന് അതിരുകളിലും ആക്രമിക്കുമെന്ന തിരിച്ചടിയാണ് ചതുഷ്‌കോണ സഖ്യം നല്‍കുന്നത്. റഷ്യയുടെ ഇന്ത്യന്‍ അനുകൂല നിലപാടും ചൈനക്ക് ഭീഷണിയാണ്.

ചൈനയുമായി അടുത്ത ബന്ധമുള്ള വന്‍ ശക്തിയായ റഷ്യയാവട്ടെ ഇന്ത്യക്കെതിരെ ഒരു നീക്കത്തെയും പിന്തുണക്കുകയുമില്ല. ഇന്ത്യക്കെതിരായ അതിര്‍ത്തി പ്രശ്നങ്ങള്‍ തീര്‍ക്കണമെന്ന സന്ദേശമാണ് റഷ്യന്‍ പ്രസിഡന്റ് വ്്്ളാദ്മിര്‍ പുടിന്‍ ചൈനക്ക് നല്‍കിയിരിക്കുന്നത്. അമേരിക്കയും റഷ്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ ചൈനാ വിരുദ്ധ പോരാട്ടത്തിന്റെ നേതൃത്വത്തിലേക്ക് ജപ്പാന്‍ കൊണ്ടുവരുന്നത് ചൈനക്ക് കനത്ത തിരിച്ചടിയാണ് നല്‍കാന്‍ ലക്ഷ്യമിട്ടു തന്നെയാണ്.

ജപ്പാന്റെയും ഓസ്ട്രേലിയയുടെയും കീഴിലുള്ള പല ദ്വീപുകളിലും ചൈന അവകാശവാദമുന്നയിക്കുന്നുണ്ട്. പല തവണ ജപ്പാന്റെ കീഴിലുള്ള ദ്വീപുകളില്‍ ചൈന അധികാരം ഉറപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. കിഴക്കന്‍ ചൈന കടലില്‍ ചൈനീസ് നാവിക സേന സാന്നിധ്യം ശത്രുതാപരമായി വര്‍ധിപ്പിക്കുന്നതും ജപ്പാന് ഭീഷണിയാണ്. കഴിഞ്ഞ വര്‍ഷം ദോക്ലയിലും ഇത്തവണ പാംഗോല്‍, ഗല്‍വാന്‍ പ്രവിശ്യകളിലും ചൈനീസ് അധിനിവേശത്തിനെതിരെ ഇന്ത്യ ശക്തമായ തിരിച്ചടിക്കു തയ്യാറായതോടെയാണ് ഇന്ത്യയുടെ നേതൃത്വത്തില്‍ ചൈനാ വിരുദ്ധ ചേരിക്ക് ജപ്പാന്‍ മുന്‍കൈയ്യെടുത്തത്.

ജപ്പാന്‍, യു.എസ്, ആസ്ട്രേലിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളുടെ പിന്തുണ ഉറപ്പിച്ചു തന്നെയാണ് സമുദ്രനിരപ്പില്‍ നിന്നും 11,000 അടി ഉയരത്തില്‍ ലഡാക്കില്‍ പറന്നിറങ്ങിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനക്ക് താക്കീത് നല്‍കിയത്. യുദ്ധമുണ്ടായാല്‍ ചൈനീസ് നാവികപ്പടക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിക്കാതെ ഇന്ത്യയെ ആക്രമിക്കാനാവില്ല. ചൈനീസ് നേവി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിക്കാതിരിക്കാന്‍ മലാക്ക കടലിടുക്കില്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ നാവികകപ്പലുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്.

അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കര-വ്യോമ-നാവിക സേനകളെ ഒരു കമാന്‍ഡിനു കീഴിലാക്കി ഇന്ത്യ ഒരുക്കിയിട്ടുണ്ട്. യുദ്ധകപ്പലുകള്‍, പോര്‍വിമാനം, അന്തര്‍വാഹിനികള്‍ എന്നിവക്കുള്ള സ്റ്റേജിങ് പോയിന്റായാണ് ആന്‍ഡമാനെ ഒരുക്കുന്നത്. ഇവിടെ നാവിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിലൂടെ ലോകത്തെ തിരക്കേറിയ കപ്പല്‍പ്പാതയായ മലാക്ക കടലിടുക്ക് പൂര്‍ണമായും നിയന്ത്രിക്കാന്‍ ഇന്ത്യക്ക് കഴിയും.

പ്രതിവര്‍ഷം 1,20,000 കപ്പലുകളാണ് ഇന്ത്യന്‍മഹാസമുദ്രത്തിലൂടെ കടന്ന് പോകുന്നത്. ചൈനയുടെ ക്രൂഡോയില്‍ കപ്പലുകളടക്കം 70,000 കപ്പലുകളും സഞ്ചരിക്കുന്നത് മലാക്ക കടലിടുക്കിലൂടെയാണ്. ഇന്ത്യ ഇവിടെ പ്രതിരോധം തീര്‍ത്താല്‍ ചൈന കടുത്ത പ്രതിസന്ധിയിലാകും. ഇതോടെ ചൈനയുടെ കയറ്റുമതിയാണ് വന്‍ തകര്‍ച്ച നേരിടുക. ഇത് മുന്‍കൂട്ടി കണ്ടാണ് പാക്കിസ്ഥാന്‍ വഴി യൂറോപ്പിലേക്ക് സി.പി.ഇ.സി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരമാര്‍ഗം തുറക്കാന്‍ ചൈന കോടിക്കണക്കിന് ഡോളര്‍ ചെലവിടുന്നത്.

മലാക്ക കടലിടുക്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്ത്യ പ്രതിരോധം തീര്‍ക്കുമ്പോള്‍ ഇന്ത്യയെ സഹായിക്കാന്‍ ചൈനക്ക് താക്കീതുമായി ദക്ഷിണ ചൈന കടലില്‍ അമേരിക്കയുടെ ആണവോര്‍ജ്ജ വിമാനവാഹിനികപ്പലുകള്‍ എത്തിക്കഴിഞ്ഞു. സൂപ്പര്‍ കാരിയറുകള്‍ എന്നറിയപ്പെടുന്ന യു.എസ്.എസ് നിമിറ്റസ്, യു.എസ്.എസ് റൊണാള്‍ഡ് റീഗണ്‍ എന്നിവയാണ് തായ്വാനും ഫിലിപ്പിന്‍സിലെ ലൂസണ്‍ ദ്വീപിനും മധ്യേയുള്ള ദക്ഷിണ ചൈന കടലിടുക്കില്‍ വിന്യസിച്ചിട്ടുള്ളത്. 210 യുദ്ധ വിമാനങ്ങളും ഇവയിലുണ്ട്. ഇതിനു പുറമെ യുദ്ധകപ്പലുകളും വിന്യസിച്ചിട്ടുണ്ട്. ജര്‍മനിയില്‍ നിന്നും പിന്‍വലിക്കുന്ന 10,000 പട്ടാളക്കാരെയും അമേരിക്ക ഇവിടേക്ക് നിയോഗിക്കുന്നുണ്ട്.

പ്രതിവര്‍ഷം 3 ലക്ഷം കോടി ഡോളറിന്റെ ചരക്കുനീക്കം നടക്കുന്ന ദക്ഷിണ ചൈന കടലിന്റെ 90 ശതമാനവും ചൈന അവകാശവാദമുന്നയിക്കുന്നതാണ്. ദക്ഷിണ ചൈന കടലിടുക്കില്‍ ഒരു പതിറ്റാണ്ടായി മറ്റു രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള ദ്വീപുകള്‍ പിടിച്ചെടുത്തും കൃത്രിമദ്വീപുകള്‍ സൃഷ്ടിച്ച് സൈനിക താവളങ്ങള്‍ സ്ഥാപിച്ച് സംഘര്‍ഷം സൃഷ്ടിക്കുകയാണ് ചൈന.

ചൈനയുടെ അതിക്രമത്തിനെതിരെ ബ്രൂണെ, മലേഷ്യ, ഫിലിപ്പിന്‍സ്, തായ്വാന്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളും ശക്തമായി എതിര്‍ക്കുന്നുണ്ട്. ഈ രാജ്യങ്ങളുടെ പിന്തുണയും ഇന്ത്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിനു ലഭിക്കും. വിയറ്റ്നാമും ഫിലിപ്പീന്‍സും അവകാശവാദമുന്നയിക്കുന്ന പാരാസെല്‍ ദ്വീപിനു സമീപം കഴിഞ്ഞ ഒന്നിന് ചൈന അഞ്ചു ദിവസം നീണ്ടു നിന്ന പ്രകോപനപരമായ സൈനിക അഭ്യാസം നടത്തിയിരുന്നു.

ചൈനയുടെ സൈനിക അഭ്യാസം തങ്ങളുടെ അതിര്‍ത്തിയിലേക്ക് കടന്നാല്‍ നയതന്ത്രതലത്തിലും അല്ലാതെയുമുള്ള ഭവിഷ്യത്തുകള്‍ നേരിടുമെന്ന് ഫിലിപ്പീന്‍സ് മുന്നറിയിപ്പു നല്‍കിയിരുന്നു. അമേരിക്കയുമായി പ്രതിരോധ സഖ്യമുള്ള രാജ്യം കൂടിയാണ് ഫിലിപ്പീന്‍സ്. സ്വതന്ത്രവും തുറന്നതുമായി ഇന്തോ- പസഫിക് മേഖലയെ പിന്തുണയ്ക്കാനാണ് ചൈനകടലില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ദക്ഷിണ ചീനകടലിലെ ആധിപത്യവും ഇന്ത്യാ മഹാസമുദ്രത്തിലേക്കുള്ള പ്രവേശനവും തടസപ്പെട്ടാല്‍ അത് ചൈനയുടെ സാമ്പത്തിക തകര്‍ച്ചക്കും കയറ്റുമതിയിലെ കനത്ത ഇടിവിനും കാരണമാകും. സൈനികതലത്തിലും സാമ്പത്തിക തലത്തിലും ചൈനക്ക് ശക്തമായ തിരിച്ചടി നല്‍കാനുള്ള ഇരട്ട മുഖമുള്ള തന്ത്രമാണ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ചതുഷ്‌കോണ സഖ്യം പയറ്റുന്നത്.

ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ ഇന്ത്യയുമായി അടുത്തബന്ധം പുലര്‍ത്തുന്ന റഷ്യ ഈ പ്രതിസന്ധിയില്‍ ചൈനയെ സഹായിക്കാനെത്തില്ലെന്ന് ഉറപ്പാണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയും ചൈനയും പാക്കിസ്ഥാനെ പിന്തുണച്ചപ്പോഴും ഇന്ത്യയെ സൈനികമായി സഹായിച്ചത് റഷ്യയാണ്. അമേരിക്കയെ പ്രതിരോധിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ കപ്പല്‍പ്പടയെ തന്നെ റഷ്യ അയച്ചിരുന്നു. ബംഗ്ലാദേശ് യുദ്ധകാലത്തും റഷ്യ ഇന്ത്യക്ക് ആയുധങ്ങള്‍ നല്‍കി സഹായിച്ചു. ഇപ്പോഴും ഇന്ത്യയുമായി ആയുധ കരാറുള്ള രാജ്യമാണ് റഷ്യ. നയതന്ത്രതലത്തിലും ഇന്ത്യയെ ശക്തമായി പന്തുണക്കുന്ന സൗഹൃദരാജ്യംകൂടിയാണ് റഷ്യ.

യു.എന്നില്‍ ചൈന പാക്കിസ്ഥാനെ പിന്തുണയ്ക്കുമ്പോളും റഷ്യയുടെ പിന്തുണ ഇന്ത്യക്കായിരുന്നു. ഇന്ത്യന്‍ ഭൂമിയിലെ കടന്നുകയറ്റം ചൈനക്ക് സമ്മാനിക്കുന്നത് കടുത്ത പ്രതിസന്ധിയും വെല്ലുവിളികളുമായിരിക്കും. ഇത് മനസിലാക്കിതന്നെയാണ് ചൈനക്കെതിരായ പോരാട്ടത്തില്‍ നാകസ്ഥാനത്തേക്ക് ഇന്ത്യ കടന്നുവരുന്നതും.

എം.പി വിനോദ്‌

Top