മധ്യദൂര ക്രൂയിസ് മിസൈല്‍ വാങ്ങാനൊരുങ്ങി ജപ്പാന്‍: ലക്ഷ്യം ഉത്തരകൊറിയയെന്ന് സൂചന

ടോക്യോ : ആകാശത്തുനിന്ന് തൊടുക്കാനാകുന്ന മധ്യദൂര ക്രൂയിസ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി ജപ്പാന്‍. പ്രതിരോധമേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന മിസൈല്‍ശക്തി ആര്‍ജിക്കാനാണ് ജപ്പാന്റെ ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി ഇസുനോരി ഒനോദെര പറഞ്ഞു. ഉത്തരകൊറിയക്കെതിരായ നീക്കമാണിതെന്നാണ് ലോകമാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

നോര്‍വേയിലെ കോങ്‌സ്ബര്‍ഗ് ഡിഫന്‍സ് ആന്‍ഡ് എയ്‌റോ സ്‌പെയ്‌സില്‍നിന്ന് വാങ്ങുന്ന മിസൈലിന്റെ ആക്രമണപരിധി 500 കിലോമീറ്ററാണ്.

ലോകത്തെ യുദ്ധഭീതിയിലാക്കി മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തര കൊറിയ നടത്തിക്കൊണ്ടിരിക്കുകയാണ്. ഏതാനും ദിവസം മുന്‍പ് ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചിരുന്നു. അന്‍പതു മിനിട്ട് പറന്ന മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണു പതിച്ചത്.

Top