japan successfully launches solid fuel rocket

ടോക്യോ: ഖരഇന്ധനം ഉപയോഗിച്ചുള്ള റോക്കറ്റ് ജപ്പാന്‍ വിജയകരമായി വിക്ഷേപിച്ചു. എപ്‌സിലോണ്‍2 എന്ന റോക്കറ്റാണ് ജപ്പാന്‍ ബഹിരാകാശ ഏജന്‍സി വിക്ഷേപിച്ചത്.

ഭൂമിക്ക് ചുറ്റുമുള്ള വികിരണ ബെല്‍റ്റിനെക്കുറിച്ച് പഠിക്കുന്ന ഉപഗ്രഹത്തെയാണ് എപ്‌സിലോണ്‍2 ( Epsilon2 ) റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്.

ജപ്പാനിലെ യുചിനോറ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു 26 മീറ്റര്‍ നീളമുള്ള റോക്കറ്റിന്റെ വിക്ഷേപണം. ഖരഇന്ധനം ഉപയോഗിച്ചുള്ള റോക്കറ്റുകള്‍ ഏറെ സുരക്ഷിതവും കരുത്തുറ്റതുമാണെന്നാണ്, ബഹിരാകാശ ഏജന്‍സിയായ ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി (JAXA) പറയുന്നു.

പുതുതലമുറയില്‍പെട്ട ഖരഇന്ധനമുപയോഗിക്കുന്ന മൂന്നുഘട്ട റോക്കറ്റാണ് എപ്‌സിലോണ്‍2. ഇത്തരം ഇന്ധനം ഉപയോഗിക്കുക വഴി റോക്കറ്റ് വിക്ഷേപണത്തിന്റെ ചിലവ് മൂന്നിലൊന്നായി കുറയ്ക്കാന്‍ കഴിയും.

പണ്ടുകാലത്ത് വെടിമരുന്നുപയോഗിക്കുന്ന ഖരഇന്ധന റോക്കറ്റുകളുണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ ചൈനീസ്, മംഗോളീസ്, പേര്‍ഷന്‍, ഇന്ത്യന്‍ യുദ്ധങ്ങളില്‍ ഇത്തരം റോക്കറ്റുകള്‍ ഉപയോഗിച്ചുവന്നു.

എന്നാല്‍, ഇരുപതാം നൂറ്റാണ്ടില്‍ ദ്രാവകഇന്ധന റോക്കറ്റുകള്‍ മികച്ച ഫലം നല്‍കുമെന്ന് കണ്ടതോടെ കഥമാറി.

ഇപ്പോള്‍ ഖരഇന്ധനം തിരികെ വരികയാണ്. പക്ഷേ, അത് പുതുതലമുറ ഖരഇന്ധനമാണെന്ന് മാത്രം. ഇതുവഴി വിക്ഷേപണം ചെലവുകുറഞ്ഞതാകുമ്പോള്‍ അമേരിക്ക, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സികള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നാണ് ജപ്പാന്റെ പ്രതീക്ഷ.

Top