ഇന്ത്യയില്‍ തുടരാന്‍ പൊലീസ് സ്റ്റേഷനിലെ കസേര ‘മോഷ്ടിച്ച്’ ജപ്പാന്‍കാരന്‍

ബെംഗളൂരു: അറസ്റ്റിലാകാന്‍ പൊലീസ് സ്റ്റേഷനിലെ കസേരമോഷ്ടിച്ച ജപ്പാന്‍ സ്വദേശിയായ യുവാവിനെ ബെംഗളൂരു പൊലീസ് നാടുകടത്തുന്നു. ഇംഗ്ലീഷ് പഠിക്കാനായി ഇന്ത്യയിലെത്തി പുലിവാലു പിടിച്ച യുവാവിന്റെ കഥ സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാവുകയാണ്. ഇംഗ്ലീഷ് ഭാഷ പഠിക്കാനായി 2019ലാണ് ജപ്പാനില്‍ നിന്നും ഹിരതോഷി തനാക ബെംഗളൂരുവിലെത്തുന്നത്.

നഗരത്തിലെ സ്വകാര്യ പരിശീലന കേന്ദ്രത്തിലെത്തി പഠനം തുടങ്ങി. വിദേശിയായതിനാല്‍ പഠനത്തോടൊപ്പം സ്ഥാപനത്തിന്റെ പ്രചാരണത്തിനു വേണ്ടി പ്രവര്‍ത്തിച്ചാല്‍ നല്ല ശമ്പളം നല്‍കാമെന്ന് സ്ഥാപനമേധാവി വാഗ്ദാനം നല്‍കിയതിനെതുടര്‍ന്ന് മാസങ്ങളോളം കഠിനമായി ജോലി ചെയ്തു, പക്ഷേ ശമ്പളം ലഭിച്ചില്ല. ഇതേചൊല്ലി സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാളുമായി വാക്കേറ്റമുണ്ടായെന്നും അയാളെ താന്‍ തല്ലിയെന്നും ഹിരതോഷി സമ്മതിക്കുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്തു.

അറസ്റ്റിലായി 19 ദിവസത്തോളം ജയിലില്‍ കിടന്നു, പരസ്പര ധാരണയെതുടര്‍ന്ന് കേസ് പിന്നീട് കോടതി തള്ളി. ജയില്‍ മോചിതനായെങ്കിലും പക്ഷേ തന്റെ ബാഗ് തിരിച്ചുതരാനായി പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് യുവാവിന്റെ പരാതി. ബാഗ് തിരിച്ചുകിട്ടാനായി ശ്രമം തുടരുന്നതിനിടെയാണ് പഠനത്തിനെന്ന പേരില്‍ രാജ്യത്തെത്തി ചട്ടം ലംഘിച്ച് ജോലി ചെയ്തതിന് നാടുവിടാന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം വന്നത്.

ഇതോടെ തന്റെ ബാഗ് കിട്ടാനായി നാട്ടില്‍ തുടരാനുള്ള അവസാന അടവായാണ് പൊലീസ് സ്റ്റേഷനിലെ കസേര മോഷ്ടിച്ചതെന്നാണ് ഹിരതോഷി പറയുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ഇവിടെ തുടര്‍ന്ന് ബാഗ് തിരിച്ചെടുക്കാമന്നും, ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വകരിക്കാമെന്നുമായിരുന്നു കണക്കുകൂട്ടല്‍.

പക്ഷേ പൊലീസ് കസേര മോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തില്ല. മറിച്ച് യുവാവിനെ നാടുകടത്താനായി കസ്റ്റഡിയിലെടുത്ത് ഡിറ്റന്‍ഷന്‍ സെന്ററിലാക്കി. ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കി യുവാവിനെ ജപ്പാനിലേക്ക് തിരിച്ചയക്കുമെയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പക്ഷേ പോകുമ്പോള്‍ ഹിരതോഷിയുടെ കൈയില്‍ സ്വന്തം ബാഗുണ്ടാകുമോയെന്ന് ഇതുവരെ വ്യക്തമല്ല.

 

Top