japan stabbing at least 19 dead at disabled facility near tokyo

ടോക്യോ: ജപ്പാനില്‍ മനോനില തെറ്റിയവര്‍ക്കുള്ള സംരക്ഷണകേന്ദ്രത്തില്‍ അതിക്രമിച്ചു കയറിയ ആള്‍ 19 പേരെ കുത്തിക്കൊന്നു. ആക്രമണത്തില്‍ 26ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 20 പേരുടെ നില ഗുരുതരമാണെന്നും വാര്‍ത്ത ഏജന്‍സിയായ ക്യോഡോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ടോക്യോയില്‍ നിന്ന് 50 കിമീ പടിഞ്ഞാറുള്ള സാഗമിഹാറ നഗരത്തിലാണ് സംഭവം.

മാനസികവൈകല്യമുള്ളവരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സുകുയി യാമയുറി എന്ന സ്ഥാപനത്തില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് തങ്ങള്‍ക്ക് കത്തിക്കുത്ത് സംബന്ധിച്ച വിവരം ലഭിക്കുന്നതെന്ന് പോലീസ് വക്താവ് പറയുന്നു. 160 പേരാണ് ഈ കേന്ദ്രത്തിലുള്ളത്.

പിന്നീട് രണ്ട് മണിക്കൂറിന് ശേഷം”താനാണ് അത് ചെയ്തതെന്ന്” പറഞ്ഞു കൊണ്ട് അക്രമി തന്നെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. 26കാരനായ സറ്റോഷി ഇമാറ്റുസു എന്നയാളാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂട്ടക്കൊല നടന്ന സ്ഥാപനത്തിലെ മുന്‍ജീവനക്കാരനാണ് ഇയാള്‍.

ഇയാളുടെ ബാഗുകള്‍ പരിശോധിച്ചതില്‍ മൂര്‍ച്ചയേറിയ നിരവധി ആയുധങ്ങള്‍ കണ്ടെത്തിയെന്നും ആയുധങ്ങളില്‍ ചോരക്കറയുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.

”മാനസികരോഗികള്‍ ലോകത്ത് നിന്നു ഇല്ലാതാവുന്നതാണ് നല്ലതെന്ന്” ഇയാള്‍ പറഞ്ഞതായി പോലീസുദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Top