ഉത്തരകൊറിയക്കെതിരായ സൈനിക നീക്കങ്ങളില്‍ അമേരിക്കക്കൊപ്പം പടയൊരുക്കവുമായി ജപ്പാനും

വാഷിംഗ്ടണ്‍: ഉത്തരകൊറിയക്കെതിരായ സൈനിക നീക്കങ്ങളില്‍ അമേരിക്കക്ക് സഹായഹസ്തവുമായി ജപ്പാന്‍. അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ യുഎസ്എസ് കാള്‍ വിന്‍സണ് അകമ്പടിയാകാന്‍ ജപ്പാന്റെ ഏറ്റവും വലിയ പടക്കപ്പലായ ഇസ്സുമോ യാത്ര പുറപ്പെട്ടു.

അമേരിക്കന്‍ വിമാനവാഹിനി കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണ്‍ കൊറിയന്‍ തീരത്തോടടുക്കുന്നതായുള്ള സൂചനകള്‍ക്കിടെയാണ് ജപ്പാന്‍ പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം. ജപ്പാന്റെ ഏറ്റവും വലിയ പടക്കപ്പലായ ഇസ്സുമോ യോകോസുമാ തീരം വിട്ടതായി പ്രതിരോധ മന്ത്രി ടൊമോമി ഇനാഡ അറിയിച്ചു.

249 മീറ്റര്‍ നീളമുള്ളതാണ് ഇസ്സുമോ പടക്കപ്പല്‍. ഒമ്പത് ഹെലികോപ്റ്ററുകളെ വഹിക്കാന്‍ ശേഷിയുള്ള ഈ പടക്കപ്പല്‍ രണ്ട് വര്‍ഷം മുമ്പാണ് കമ്മീഷന്‍ ചെയ്തത്. അമേരിക്കന്‍ കപ്പലിനാവശ്യമായ സഹായം ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജപ്പാന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും വിലക്ക് ലംഘിച്ച് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം തുടരുകയാണ്.

ഉത്തരകൊറിയന്‍ ഭീഷണികള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി എന്തായിരിക്കുമെന്ന് പ്രവചിക്കാനാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജപ്പാന്റെ കൂടി സഹായം അമേരിക്കക്ക് ലഭിച്ചിരിക്കുന്നത്.

Top