യുദ്ധവിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ജപ്പാന്‍

ടോക്കിയോ: പസഫിക് മേഖലയില്‍ ഒരു കാലത്തെ ശക്തരായ ജപ്പാന്റെ വ്യോമസേന വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. പസഫിക്കിലെ മുഴുവന്‍ മേഖലയും സംരക്ഷിക്കാന്‍ പാകത്തിന് എഫ്-35ബി യുദ്ധവിമാനങ്ങളാണ് ജപ്പാന്‍ സ്വന്തമാക്കുന്നത്. അമേരിക്കയുടെ ഏറ്റവും മികച്ച യുദ്ധവിമാന ശ്രേണിയില്‍പ്പെട്ടവയാണ് എഫ്-35. വളരെ വേഗം ഉയരാനും താഴ്ത്താനും സാധിക്കുന്ന വിമാനങ്ങളായതിനാല്‍ വിമാനവാഹിനികളില്‍ ഏറെ അനുയോജ്യമായവയാണിവയെന്ന് ജപ്പാന്‍ വ്യോമസേനാ വിദഗ്ധര്‍ അറിയിച്ചു.

നാവികസേനയുടെ ഭാഗമാക്കി വ്യോമസേനയെ പസഫിക്കില്‍ കൂട്ടിയിണക്കിയാണ് പ്രതിരോധം ശക്തമാക്കുന്നത്. 2024ല്‍ വിമാനങ്ങളെല്ലാം യുദ്ധസജ്ജമാകും. സെന്‍കാകൂ ദ്വീപീനെ കൈക്കലാക്കാനുള്ള ചൈനയുടെ ശ്രമത്തിനെതിരെ ജപ്പാന്‍ വ്യോമതാവളം ആ ഭാഗത്തേക്ക് മാറ്റാനുള്ള നീക്കവും ആരംഭിച്ചു.

ക്വാഡ് സഖ്യത്തിന്റെ ഭാഗമായതോടെയാണ് ജപ്പാന്‍ പ്രതിരോധരംഗത്ത് കരുത്തുകൂട്ടാന്‍ തീരുമാനിച്ചത്.ചൈനയുടെ പസഫിക്കിലേയ്ക്കുള്ള കടന്നുകയറ്റവും കടലിലെ കപ്പലുകളെ തടയുന്നതിനുമെതിരെയാണ് ജപ്പാന്‍ നീക്കം. ഇതിനിടെ അമേരിക്കയ്ക്കൊപ്പം തായ്വാനേയും ഫിലിപ്പീന്‍സിനേയും വിയറ്റ്നാമിനേയും സഹായിക്കാനാണ് ജപ്പാന്‍ ക്വാഡിന്റെ ദൗത്യം ഏറ്റെടുത്തത്.

കഴിഞ്ഞ ഞായറാഴ്ച ചൈനയുടെ വിമാനവാഹിനി കപ്പലായ ലിയോണിംഗും അനുബന്ധ കപ്പല്‍ വ്യൂഹവും ജപ്പാന്റെ തെക്കന്‍ മേഖലയിലെ ഒക്കിനാവയിലും മിയാകോ ദ്വീപിന്റെ ഭാഗത്തേക്കും നീങ്ങിയിരിക്കുന്നതും പ്രദേശത്തെ സംഘര്‍ഷ സാദ്ധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തായ് വാനെതിരെയുള്ള ചൈനയുടെ പ്രകോപനം തുടരുന്നതിനാല്‍ അമേരിക്കയുടെ നാവിക സേനയും ചൈനാ കടലിലേക്ക് നീങ്ങിയിരിക്കുകയാണ്.

 

Top