ഉഭയസമ്മത പ്രകാരം ലൈം​ഗിക ബന്ധത്തിലേർപ്പെടാനുള്ള പ്രായം 16ആക്കി ഉയർത്തി ജപ്പാൻ

ടോക്കിയോ: ജപ്പാനിൽ ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതിന് പെൺകുട്ടികളുടെ പ്രായം 16ആക്കി ഉയർത്തി. ലൈം​ഗിക കുറ്റകൃത്യ നിയമങ്ങളിൽ പരിഷ്കാരം വരുത്തുന്നതിന്റെ ഭാ​ഗമായാണ് ലൈം​ഗിക ബന്ധത്തിലേർപ്പെടാനുള്ള നിയമപരമായ പ്രായം ഉയർത്തിയത്. നേരത്തെ ഉഭയസമ്മത പ്രകാരം ബന്ധത്തിലേർപ്പെടാൻ 13 വയസായിരുന്നു പ്രായം. ഒളിഞ്ഞുനോട്ടം ക്രിമിനൽ കുറ്റമാക്കാനും തീരുമാനിച്ചു. പാർലമെന്റിന്റെ ഉപരിസഭയിൽ ഏകകണ്ഠമായാണ് നിയമഭേദ​ഗതി പാസായത്. പരിഷ്കാരങ്ങളെ ടോക്കിയോ ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്‌സ് നൗ ഗ്രൂപ്പ് സ്വാ​ഗതം ചെയ്തു. രാജ്യത്തെ വലിയ മുന്നേറ്റമെന്നാണ് ഇവര്‌ വിശേഷിപ്പിച്ചത്.

പ്രായപൂർത്തിയായവർ കുട്ടികൾക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന സന്ദേശം സമൂഹത്തിന് നൽകുന്നതാണ് പ്രായം ഉയർത്തുന്ന ഭേദ​ഗതിയിലൂടെ ഉണ്ടായതെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു. ബ്രിട്ടനിൽ 16, ഫ്രാൻസിൽ 15, ജർമ്മനിയിലും ചൈനയിലും 14 വയസ്സ് എന്നിങ്ങനെയാണ് ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധത്തിനുള്ള പ്രായം. 1907 മുതൽ ജപ്പാനിൽ 13 വയസാണ് ബന്ധത്തിലേർപ്പെടാനുള്ള കുറഞ്ഞ പ്രായം. എന്നിരുന്നാലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈം​ഗിക വേഴ്ച മോശപ്പെട്ട കാര്യമായാണ് കാണുന്നത്.

പുതിയ നിയമപ്രകാരം, രണ്ട് പങ്കാളികളും 13 വയസ്സിന് മുകളിലാണെങ്കിൽ, പ്രായവ്യത്യാസം അഞ്ച് വയസ്സിൽ കൂടാത്ത കൗമാരക്കാരെ പ്രോസിക്യൂഷനിൽ നിന്ന് ഒഴിവാക്കും. 2017-ലാണ് ജപ്പാൻ അവസാനമായി ലൈംഗിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച ക്രിമിനൽ കോഡ് പരിഷ്കരിച്ചത്. ബലാത്സം​ഗക്കേസുകളിൽ പ്രതികളെ വെറുതെ വിടുന്നതിനെതിരെ 2019-ൽ, രാജ്യവ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. കുറ്റവാളികൾക്ക് അനുകൂലമാണ് പഴയ നിയമമെന്നായിരുന്നു പ്രധാന ആരോപണം. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടവും കുറ്റകൃത്യമാക്കി.

Top