ഖത്തർ ലോകകപ്പിന് പിന്നാലെ വീണ്ടും ജർമനിയെ വീഴ്ത്തി ജപ്പാൻ; സൗഹൃദ മത്സരത്തിൽ 4-1ന് ജയം

മ്യൂണിക് : ഖത്തര്‍ ലോകകപ്പില്‍ ജപ്പാനോട് തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ജര്‍മനി ഒരിക്കല്‍ കൂടി ജപ്പാന് മുന്നില്‍ നാണംകെട്ടു. സ്വന്തം സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ പോരാട്ടത്തില്‍ ജര്‍മനിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വീഴ്ത്തിയ ജപ്പാന്‍ ലോകകപ്പില്‍ നേടിയത് അട്ടിമറി വിജയമായിരുന്നില്ലെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടു.

അടുത്ത വര്‍ഷം യൂറോ കപ്പിന് ആതിഥേയരാകുന്ന ജര്‍മനിയുടെ ഞെട്ടിക്കുന്ന തോല്‍വി ആരാധകരെയും നിരാശരാക്കി. അവസാനം കളിച്ച 17 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ജര്‍മനിക്ക് ജയിക്കാനായത്. ഇതോടെ കോച്ച് ഹാന്‍സി ഫ്ലിക്കിന്റെ ഭാവിയും തുലാസിലായി.

ജര്‍മനിക്കെതിരെ 11ാം മിനിറ്റില്‍ ജുന്യ ഇട്ടോയുടെ ഗോളിലൂടെ മുന്നിലെത്തിയ ജപ്പാനെ 19-ാം മിനിറ്റില്‍ ലിറോയ് സാനെയുടെ ഗോളിലൂടെ ജര്‍മനയില്‍ സമനിലയില്‍ പിടിച്ചെങ്കിലും ആശ്വാസം അധികം നീണ്ടില്ല. മൂന്ന് മിനിറ്റിനകം അയാസെ യുവേ‍ഡ വീണ്ടും ജപ്പാനെ മുന്നിലെത്തിച്ചു. സമനില ഗോളിനായുള്ള ജര്‍മനിയുടെ ശ്രമങ്ങളെല്ലാം ഫലപ്രദമായി തടഞ്ഞ ജപ്പാന്‍ കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ 90ാം മിനിറ്റില്‍ ടാകുമ അസാനോയിലൂടെ മൂന്നാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു. ഇഞ്ചുറി ടൈമില്‍ ടനാക ജര്‍മനിയുടെ പതനം പൂര്‍ത്തിയാക്കി നാലാം ഗോളും നേടിയതോടെ നാലു തവണ ലോക ചാമ്പ്യന്‍മാരായ ജര്‍മനി സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നാണംകെട്ടു.

ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലെത്താന്‍ വിജയം അനിവാര്യമായ ഗ്രൂപ്പ് പോരാട്ടത്തില്‍ ജപ്പാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മനി തോറ്റ് പുറത്തായിരുന്നു. അന്ന് ജപ്പാന്റെ വിജയഗോളടിച്ച അസാനോ തന്നെയാാണ് ഇന്നലെ ജപ്പാന്റെ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടിയത്. 2020ല്‍ നേഷന്‍സ് ലീഗില്‍ സ്പെയിനോട് 6-0ന് തോറ്റശേഷം ജര്‍മനി വഴങ്ങുന്ന ഏറ്റവും കനത്ത തോല്‍വിയാണിത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലിലും ജര്‍മനി തോല്‍വി വഴങ്ങി. 2021ല്‍ ജ്വവാക്കിം ലോയുടെ പകരക്കാരനായി ചുമതലയേറ്റ കോച്ച് ഹാന്‍സി ഫ്ലിക്കിന് കീഴില്‍ 25 മത്സരങ്ങളില്‍ 12 എണ്ണത്തില്‍ മാത്രമാണ് ജര്‍മനി ജയിച്ചത്.

Top