ടോക്യോ ഒളിംപിക്സ് റദ്ദാക്കിയാല്‍ ജപ്പാന് കോടികളുടെ നഷ്ടമെന്ന് വിദഗ്ധര്‍

ടോക്യോ: ടോക്ക്യോ ഒളിംപിക്സ് റദ്ദാക്കിയാല്‍ ജപ്പാനുണ്ടാവുക 1700 കോടി ഡോളറിന്റെ നഷ്ടമെന്ന് വിദഗ്ധര്‍. എന്നാല്‍ ഒളിംപിക്‌സ് നടത്തിയാലുണ്ടാകുന്ന ആരോഗ്യ പ്രതിസന്ധി ഇതിനേക്കാള്‍ വലിയ സാമ്പത്തികനഷ്ടം രാജ്യത്തിന് വരുത്തിവെക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഒളിംപിക്‌സ് മാറ്റിവെക്കണമെന്ന ആവശ്യം ജപ്പാനില്‍ ശക്തമാവുകയാണ്. കാത്തിരിപ്പിനൊടുവില്‍ ടോക്യോയില്‍ ഒളിംപിക്‌സ് ആരവം ഉയരാന്‍ ഇനിയുളളത് 64 ദിവസം.

എന്നാല്‍ ജപ്പാനില്‍ ഉയരുന്ന കൊവിഡ് വ്യാപനവും അകത്തും പുറത്തുമുളള എതിര്‍ശബ്ദങ്ങളും ഒളിംപിക്സ് നടത്തിപ്പിന്റെ കാര്യം വീണ്ടും സംശയത്തിലാക്കുന്നു. ഒളിംപിക്സും അതിന് ശേഷം നടക്കാനിരിക്കുന്ന പാരാലിംപിക്സും റദ്ദാക്കിയാല്‍ രാജ്യത്തിനുണ്ടാവുക 1700 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമെന്നാണ് ജപ്പാനിലെ പ്രമുഖ സാമ്പത്തിക ഗവേഷണ കമ്പനിയായ നൊമൂറ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട്.

അതേസമയം ഒളിംപിക്സ് നടത്തിയാല്‍ ഇതിലും വലിയ നഷ്ടം നേരിടേണ്ടിവരുമെന്നും നൊമൂറ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യപ്രതിസന്ധിയും അടച്ചിടലും ഗുരുതര സ്ഥിതിയിലേക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പ്.

 

Top