Janmabhumi editorial about P Jayarajan arrest

കണ്ണൂര്‍ : ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ സി.ബി.ഐ അറസ്റ്റ് ചെയ്യുമെന്ന് ബി.ജെ.പി മുഖപത്രം ജന്മഭൂമി.

ഇന്ന് പുറത്തിറങ്ങിയ ജന്മഭൂമിയുടെ പ്രധാന വാര്‍ത്ത തന്നെ ജയരാജനെ സി.ബി.ഐ അറസ്റ്റ് ചെയ്യുമെന്ന തലക്കെട്ടോടെയുള്ളതാണ്.

ജയരാജനെ അറസ്റ്റ് ചെയ്യാന്‍ ആര്‍.എസ്.എസ് – സി.ബി.ഐ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ച് സി.പി.എം രംഗത്ത് വന്നിരിക്കെയാണ് അറസ്റ്റ് വാര്‍ത്തയ്ക്ക് സ്ഥിരീകരണവുമായി ബി.ജെ.പി – ആര്‍.എസ്.എസ് മുഖപത്രവും രംഗത്ത് വന്നിട്ടുള്ളത്.

കഴിഞ്ഞ ദിവസം 11 മണിക്ക് തലശ്ശേരി ഗസ്റ്റ് ഹൗസില്‍ ഹാജരാകണമെന്ന് കാണിച്ച് ജയരാജന് നോട്ടീസ് നല്‍കിയിട്ടും സി.ബി.ഐ സംഘത്തിന് മുന്നില്‍ ഹാജരാകാതിരുന്നത് കോടതിയെ സമീപിക്കുന്നതിനുള്ള സമയം തേടാനാണെന്നും എന്നാല്‍ അതിന് മുമ്പ് തന്നെ സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നുമാണ് ജന്മഭൂമി പറയുന്നത്.

വീണ്ടും ഹാജരാകാന്‍ സമയമനുവദിക്കണമെന്ന ജയരാജന്റെ മറുപടി സി.ബി.ഐ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നും നിലവില്‍ പാര്‍ട്ടി പരിപാടികളില്‍ സജീവ സാന്നിധ്യമായ ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെയില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമെന്നും ബി.ജെ.പി മുഖപത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.

രാഷ്ട്രീയ പ്രേരിതമായാണ് ജയരാജനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതെന്ന സി.പി.എം വാദം ശരിവയ്ക്കുന്നതാണ് ജന്മഭൂമിയുടെ വാര്‍ത്തയെന്നാണ് സി.പി.എം നേതൃത്വത്തിന്റെ പ്രതികരണം.

സി.ബി.ഐ സംഘം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ ബി.ജെ.പി മുഖപത്രം വെളിപ്പെടുത്തിയത് എന്നത് ഗൗരവകരമാണെന്നും സി.പി.എം. ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയ പകപോക്കലിനെ ബഹുജനങ്ങളെ അണിനിരത്തിയും നിയമപരമായും നേരിടാനാണ് സി.പി.എം തീരുമാനം.

മനോജ് വധകേസുമായി ബന്ധപ്പെട്ട് 2015 ജൂണ്‍ രണ്ടിന് പി.ജയരാജനെ തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍വച്ച് ഏഴു മണിക്കൂറോളം സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. പി.ജയരാജനെതിരെ നടപടിയുണ്ടാവാത്തതിലുള്ള പ്രതിഷേധം ആര്‍.എസ്.എസ് സര്‍സംഘ് ചാലകിന്റെ കണ്ണൂര്‍ സന്ദര്‍ശന വേളയിലും നേതാക്കള്‍ രേഖപ്പെടുത്തിയിരുന്നു.

ജനുവരി 20 ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ വിമോചന യാത്രയ്ക്ക് മുമ്പ് ജയരാജന്റെ അറസ്റ്റ് ഉണ്ടാകണമെന്ന നിലപാടിലാണ് ബി.ജെ.പി- ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ നേതൃത്വങ്ങള്‍.

2014 സെപ്തംബര്‍ ഒന്നിന് രാവിലെയാണ് മനോജ് കൊല്ലപ്പെട്ടത്. കേസ് പിന്നീട് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ ക്ക് കൈമാറുകയായിരുന്നു. സി.പി.എം. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി അടക്കം 24 പേരാണ് ഇതിനകം അറിസ്റ്റിലായിട്ടുള്ളത്.

Top