ശ്രീദേവി ബംഗ്ലാവിനെ കുറിച്ചുള്ള ചോദ്യം; മറുപടി പറയാതെ വേദി വിട്ട് ജാന്‍വി

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് പ്രിയാ വാര്യര്‍. താരത്തിന്റെ പുതിയ ബോളിവുഡ് ചിത്രമാണ് ‘ശ്രീദേവി ബംഗ്ലാവ്’.മോഹന്‍ലാല്‍ ചിത്രം ‘ഭഗവാന്‍’ സംവിധാനം ചെയ്തിരിക്കുന്ന പ്രശാന്ത് മാമ്പുള്ളിയാണ് ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്

നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നതെന്നാണ് സൂചന. പ്രിയ തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. ഹിന്ദിയിലും തമിഴിലുമായി പുറത്തിറക്കുന്ന ചിത്രത്തിനെതിരെ നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചു എന്ന് വാര്‍ത്ത പുറത്ത് വന്നിരുന്നു.

ചിത്രത്തിനെ പറ്റിയുള്ള ചോദ്യത്തില്‍ നിന്ന് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ഒഴിഞ്ഞ് മാറിയതാണ് പുതിയ വിവാദം. പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി -ബോണി കപൂര്‍ ദമ്പതികളുടെ മകള്‍ ജാന്‍വി കപൂര്‍. മാധ്യമപ്രവര്‍ത്തകര്‍ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തെക്കുറിച്ച് ചോദിച്ചു. എന്നാല്‍ ജാന്‍വി മറുപടി പറയാതെ വേദി വിട്ടു പോയി. ജാന്‍വിയുടെ മാനേജര്‍ പ്രതികരിക്കരുതെന്ന് നടിക്ക് നിര്‍ദ്ദേശം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം നടി ശ്രീദേവിയുടെ ജീവിതം ആസ്പദമാക്കിയുള്ളതാണോ എന്ന് വെളിപ്പെടുത്താന്‍ പ്രിയ വാര്യര്‍ തയ്യാറായിട്ടില്ല. ആഡംബരം , ബാത്ത് ടബ്ബിലെ മരണം… ടീസറിലെ ചിത്രീകരണം ശ്രദ്ധിച്ചാല്‍ ശ്രീദേവിയുടെ ജീവിതവുമായി സാമ്യമുള്ളതായി തോന്നും. ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബിലായിരുന്നു ശ്രീദേവിയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാദത്തിന് താല്‍പര്യമില്ലെന്നും ശ്രീദേവി എന്നത് കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നുമായിരുന്നു പ്രിയ വാര്യര്‍ പിന്നീട് വെളിപ്പെടുത്തിയത്.

ബോണി കപൂര്‍ ചിത്രത്തിനെതിരെ വക്കീല്‍ നോ്ട്ടീസ് അയച്ച വിവരം സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി സ്ഥിരീകരിച്ചതായി ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.എന്റെ സിനിമ ഒരു സസ്പെന്‍സ് ത്രില്ലറാണ്.ശ്രീദേവി എന്നത് പൊതുവായിട്ടുള്ള പേരാണെന്നും സിനിമയിലെ കഥാപാത്രം ഒരു നടിയാണെന്നും ബോണി കപൂറിനോട് വ്യക്തമാക്കിയെന്ന് പ്രശാന്ത് പറയുന്നു. നിയമപരമായി നേരിടുമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

Top