‘അസാധാരണ നടപടി അനിവാര്യമാക്കിയ അസാധാരണ സാഹചര്യം’, സിപിഐ മുഖപത്രം

തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിഷയത്തില്‍ കുറ്റാരോപിതനായ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിട്ടുനിന്ന നടപടിയെ ന്യായീകരിച്ച് സിപിഐ മുഖപത്രം.

സിപിഐ സംസ്ഥാന സെക്രട്ടറിയും ജനയുഗം ചീഫ് എഡിറ്ററുമായ കാനം രാജേന്ദ്രന്‍ പത്രത്തിന്റെ ഒന്നാം പേജിലാണ് പ്രത്യേക എഡിറ്റോറിയല്‍ എഴുതിയത്.

അസാധാരണമായ സാഹചര്യമാണ് സിപിഐയെ അസാധാരണമായ നടപടിക്ക് നിര്‍ബന്ധിതമാക്കിയതെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തിലെഴുതിയ ലേഖനത്തില്‍ കാനം രാജേന്ദ്രന്‍ വിശദീകരിക്കുന്നു.

ഹൈക്കോടതി വിധിയും മൂര്‍ച്ചയേറിയ പരാമര്‍ശങ്ങളും തോമസ് ചാണ്ടിയുടെ മന്ത്രിസഭയിലെ നിലനില്‍പ്പിന്റെ സാധുതയെയാണ് ചോദ്യംചെയ്തത്.

രൂക്ഷമായ പരാമര്‍ശങ്ങള്‍ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നത് മന്ത്രിസഭയെ സംബന്ധിക്കുന്ന ജനാധിപത്യമൂല്യങ്ങളുടേയും കീഴ്‌വഴക്കങ്ങളുടേയും ലംഘനമാണ്. ഈ അസാധാരണ സാഹചര്യമാണ് മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നടപടിയിലേക്ക് സിപിഐയെ നയിച്ചത്.

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ എല്‍ഡിഎഫില്‍ ജനങ്ങള്‍ അര്‍പിച്ച വിശ്വസത്തിന് മങ്ങലേല്‍പ്പിച്ചെങ്കില്‍ അത് തിരിച്ചറിഞ്ഞ് തിരുത്താന്‍ മുന്നണിയിലെ ഓരോ ഘടകകക്ഷിയും ബാധ്യസ്ഥരാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Top