ലോക്ക്ഡൗണിലും നേട്ടം കൊയ്ത് പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: മരുന്ന് വില്‍പ്പനയില്‍ ലോക്ഡൗണിലും മികച്ച നേട്ടം കൊയ്ത് പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ക്ക് (പിഎംബിജെഎകെ). മാര്‍ച്ചില്‍ 42 കോടി രൂപയുടെ മരുന്ന് വിറ്റത് ഏപ്രിലില്‍ 52 കോടി രൂപയായി വര്‍ധിച്ചു. 2019 ഏപ്രിലില്‍ ഇത് 17 കോടി രൂപയായിരുന്നു.

പൊതുവിപണിയേക്കാള്‍ 50 മുതല്‍ 90 ശതമാനം വരെ വില കുറച്ച് മരുന്നു വില്‍ക്കുന്ന ഇത്തരം കേന്ദ്രങ്ങളെ സമീപിച്ചതിലൂടെ ജനത്തിനു 300 കോടിയോളം രൂപ ലാഭിക്കാനായെന്നാണ് കണക്കുകള്‍. രാജ്യം നേരിടുന്ന അസാധാരണ സാഹചര്യത്തിലും വിശ്രമമില്ലാതെ പണിയെടുക്കുകയും വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തതിനു ജന്‍ ഔഷധി കേന്ദ്രങ്ങളിലെ ജീവനക്കാരെ കേന്ദ്ര രാസവസ്തു – രാസവള മന്ത്രി ഡി.വി.സദാനന്ദ ഗൗഡയും സഹമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും അഭിനന്ദിച്ചു.

900 ലധികം ഗുണനിലവാരമുള്ള ജനറിക് മരുന്നുകളും 154ഓളം ശസ്ത്രക്രിയാ ഉപകരണങ്ങളും മിതമായ നിരക്കില്‍ പിഎംബിജെഎകെയില്‍ ലഭ്യമാണ്. ആവശ്യക്കാര്‍ക്ക് സമീപത്തെ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും മരുന്നുകളുടെ വില അറിയുന്നതിനും ‘ജന്‍ ഔഷദി സുഗം’ എന്ന മൊബൈല്‍ ആപ്പ് സഹായിക്കുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്യൂറോ ഓഫ് ഫാര്‍മ സിഇഒ സച്ചിന്‍ കുമാര്‍ സിങ് അറിയിച്ചു.

3,25,000ലധികം പേര ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിന് കഴിയും. ഒപ്പം ഇവിടെ ലഭ്യമായിട്ടുള്ള മരുന്നുകളുടെ വിലയും ബ്രാന്‍ഡഡ് മരുന്നുകളുമായുള്ള താരതമ്യവും ആപ്പിലൂടെ സാധിക്കും. രാജ്യത്ത് 726 ജില്ലകളിലായി 6300 ലധികം ജന്‍ ഔഷധി കേന്ദ്രങ്ങളാണു പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐ-ഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ ജന്‍ ഔഷദി സുഗം ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും.

Top