ജനതാകര്‍ഫ്യൂവിനൊപ്പം സംസ്ഥാനവും; ഒന്നായി പ്രതിരോധിക്കാം കൊറോണയെ

തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ഇന്ന്. രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനൊപ്പമാണ് സംസ്ഥാനം. 14 മണിക്കൂര്‍ ജനം വീട്ടിലിരിക്കും. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 14 മണിക്കൂര്‍ ജനാത കര്‍ഫ്യൂവിന് സംസ്ഥാനം നല്‍കുന്നത് പൂര്‍ണ്ണ പിന്തുണയില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. കെ എസ് ആര്‍ ടി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തില്ല.

കൊച്ചി മെട്രോ അടക്കം ട്രെയിനുകള്‍ ഓടില്ല. ഓട്ടോയും ടാക്‌സികളും നിരത്തിലിറങ്ങില്ല. ബാറുകള്‍ ഉള്‍പ്പടെ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ലെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി. പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍, ആംബുലന്‍സ് ഉള്‍പ്പടെ അവശ്യസര്‍വ്വീസിനുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കും. അതിനായി പ്രത്യേക ക്രമീകരണമേര്‍പ്പെടുത്തും. മെഡിക്കല്‍ സ്റ്റോറുകള്‍ തുറക്കും. എന്നാല്‍, അറുപത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ നടത്തുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിടും.

മില്‍മ പാലിന്റെ വിതരണം രാവിലെ ഏഴ് മണിക്ക് മുമ്പ് അവസാനിപ്പിക്കും. അവശ്യ സര്‍വ്വീസുകളായ ആരോഗ്യവകുപ്പിനും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ് കര്‍ഫ്യൂവില്‍ നിന്ന് ഇളവ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം ജനതാ കര്‍ഫ്യൂവില്‍ അണിചേരും. ഇന്ന് ഏഴ് മണിമുതല്‍ രാത്രി ഒമ്പത് മണി വരെയുള്ള ജനതാ കര്‍ഫ്യൂ.

Top