ഇന്ന് ജനതാ കര്‍ഫ്യൂ; ബാറുകളും ബിവ്‌റിജസ് ഔട്‌ലെറ്റുകളും അടച്ചിടും

തിരുവനന്തപുരം: ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാറുകളും ബിവ്‌റിജസ് ഔട്‌ലെറ്റുകളും അവധിയായിരിക്കും. എക്‌സൈസ് മന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജനതാ കര്‍ഫ്യൂവിനോടു സഹകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ അറിയിച്ചിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ വസ്തു നികുതി, വ്യാപാര ലൈസന്‍സ് പുതുക്കല്‍ ,വിനോദ നികുതി എന്നിവ അടയ്ക്കാനുള്ള തീയതി ഏപ്രില്‍ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റവന്യൂ റിക്കവറിയും ഏപ്രില്‍ 30ലേക്ക് ദീര്‍ഘിപ്പിച്ചു.

പ്രധാനമന്ത്രിയുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ തൊഴിലുറപ്പ് ദിവസം 100ല്‍നിന്ന് 150 ആക്കണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ വേതനം 50 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നും വായ്പാ പരിധി ഉയര്‍ത്തണമെന്നും ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.

കോവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കാനുള്ള കെട്ടിടങ്ങള്‍ കണ്ടെത്താനുള്ള ഏകോപനം പിഡബ്ല്യുഡിക്കായിരിക്കും. ഒരുവീട്ടില്‍ ധാരാളം ആളുകളുണ്ടായാല്‍ ഐസലേഷന്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം ബാധിക്കാത്തവരെ പ്രത്യേകമായി താമസിപ്പിക്കാന്‍ സൗകര്യം ഒരുക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കു ജോലിക്കു പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇവര്‍ക്കു സാധനങ്ങള്‍ ആവശ്യമായി വരും. തദ്ദേശവകുപ്പും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്ന് ഇതിനു സംവിധാനം ഒരുക്കും.

Top