ഇടതുപക്ഷത്തിന് ബാധ്യത ജനതാദൾ; എൻ.ഡി.എയിൽ ചേക്കേറാൻ ദേവഗൗഡ

നതാദള്‍ എസിനെ പോലെ അവസരവാദികളുടെ ചെറിയകൂട്ടത്തെ  ഇനിയും ചുമക്കണമോ എന്നത് സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികളാണ് തീരുമാനിക്കേണ്ടത്. ഇടതുപക്ഷത്തെ സംബന്ധിച്ച് നിലപാടായിരിക്കണം പ്രധാനമാകേണ്ടത്. ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. എന്നാല്‍, ദൗര്‍ഭാഗ്യമെന്നു പറയട്ടെ ഇടതുപക്ഷത്തെ രണ്ടു പാര്‍ട്ടികള്‍ക്ക് ഈ നിലപാടല്ല ഉള്ളത്. ബൂര്‍ഷ്യാ സംസ്‌ക്കാരത്തില്‍ ഊന്നി തന്നെയാണ് ഈ പാര്‍ട്ടികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കേരളത്തിനു പുറത്ത് കമ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രാഷ്ട്രീയമാണ് എന്‍.സി.പി പയറ്റുന്നത്. അതുപോലെ തന്നെ, ജനതാദള്‍ എസും ഇപ്പോള്‍ സമാന പാതയിലാണ് സഞ്ചരിക്കുന്നത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പോലെ  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും എന്‍.ഡി.എയെ പിന്തുണയ്ക്കാനാണ് ജെ.ഡി.എസ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനതാദള്‍ എസ് അംഗങ്ങള്‍  പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തതെങ്കിലും ആ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇടതുപക്ഷത്തെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ജനതാദള്‍ എസ് ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ ലക്ഷ്യം എന്‍.ഡി.എ മുന്നണി പ്രവേശനമാണ്. വരുന്ന കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. ഇതോടെ കേരളത്തിലെ ജനതാദള്‍ എസ് നേതൃത്വമാണ് വെട്ടിലാകാന്‍ പോകുന്നത്. ‘ദേശീയ തലത്തില്‍ ബി.ജെ.പിക്കൊപ്പം, കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം” എന്ന നിലപാട്  സി.പി.എമ്മും സി.പി.ഐയും അംഗീകരിക്കാന്‍ സാധ്യതയില്ല. ഈ എതിര്‍പ്പിനെ എന്‍.സി.പിയെ ചൂണ്ടിക്കാണിച്ച് പ്രതിരോധിക്കാനാണ്  ജനതാദള്‍ എസിലെ ഒരു വിഭാഗം നിലവില്‍ ശ്രമിക്കുന്നത്.

ദേശീയ തലത്തില്‍ യു.പി.എയുടെ ഭാഗമായ എന്‍.സി.പി കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഭാഗമല്ലേ എന്നതാണ്  ഇവരുടെ ചോദ്യം. ഈ ചോദ്യത്തിന് അവസരമുണ്ടാക്കിയതും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ തന്നെയാണ്. ഒറ്റയ്ക്ക് നിന്നാല്‍ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ ശേഷിയില്ലാത്ത  അവസരവാദികളായ ഈ രണ്ടു പാര്‍ട്ടികളെയും ഇടതുമുന്നണിയില്‍ എടുത്തത് തന്നെ  വലിയ പിഴവാണ്. രണ്ട് എം.എല്‍.എമാര്‍ ഉള്ള ഈ പാര്‍ട്ടികള്‍ക്ക് മന്ത്രി പദവിക്കൊപ്പം  മറ്റു സര്‍ക്കാര്‍ പദവികളും വാരിക്കോരി നല്‍കിയിട്ടുണ്ട്. സി.പി.എം – സി.പി.ഐ പാര്‍ട്ടികളിലെ അണികളെ സംബന്ധിച്ച് നിരാശരാക്കുന്ന പരിഗണനയാണിത്.

ഒറ്റ എം.എല്‍.എമാര്‍ മാത്രമുള്ള ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ബി ,കേരള കോണ്‍ഗ്രസ്സ് , കോണ്‍ഗ്രസ്സ് എസ്സ്, പാര്‍ട്ടികള്‍ക്കും  ഇടതുപക്ഷത്ത് അര്‍ഹതയ്ക്ക് അപ്പുറമുള്ള പരിഗണനയാണ് മുന്നണി നേതൃത്വം നല്‍കിയിരിക്കുന്നത്. ഇവരാരും തന്നെ  ഇതുവരെ രണ്ടു തോണിയില്‍ കാല്‍വച്ചിട്ടുമില്ല. മധ്യ തിരുവതാംകൂറില്‍ സ്വാധീനമുള്ള കേരള കോണ്‍ഗ്രസ്സും  മാന്യമായ നിലപാട് സ്വീകരിച്ചാണ് നിലവില്‍ മുന്നോട്ട് പോകുന്നത്. യു.ഡി.എഫിലേക്ക് ക്ഷണിച്ച കോണ്‍ഗ്രസ്സിനോട്  ‘ബിഗ് നോ ‘ ആണ് ജോസ് കെ മാണി വിഭാഗം പറഞ്ഞിരിക്കുന്നത്.

അതേസമയം, ഇപ്പോഴും ഇടതുപക്ഷത്തിന് വിശ്വസിക്കാന്‍ പറ്റാത്ത പാര്‍ട്ടികളാണ് എന്‍.സി.പിയും ജനതാദള്‍ എസും. കാവി രാഷ്ട്രീയത്തോട് ഈ പാര്‍ട്ടികളുടെ ദേശീയ നേതൃത്വത്തിന് വലിയ എതിര്‍പ്പില്ലന്നതാണ് യാഥാര്‍ത്ഥ്യം. അവരുടെ മുന്‍കാല ചരിത്രവും അതു തന്നെയാണ്. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ജനവിഭാഗത്തെ സംബന്ധിച്ച്  ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. ഈ ആശങ്കയെ അര്‍ഹിച്ച ഗൗരവത്തില്‍ കാണാന്‍ സി.പി.എം- സി.പി.ഐ നേതൃത്വങ്ങളും തയ്യാറാകണം. കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് അധികാരമല്ല പ്രധാനം. എന്നാല്‍, മറ്റു ഘടക കക്ഷികളെ സംബന്ധിച്ച് അതു മാത്രമാണ് പ്രധാനമായിട്ടുള്ളത്. അവര്‍ പ്രവര്‍ത്തിക്കുന്നതു തന്നെ അധികാരത്തിന്റെ അപ്പക്കഷ്ണം നുണയുന്നതിനു വേണ്ടിയാണ്.

ജനതാദള്‍-എസ് ദേശീയ നേതൃത്വം എന്‍.ഡി.എയിലേക്ക് പോകുമെന്ന സിഗ്‌നല്‍ കിട്ടിയതോടെ കേരളത്തിലെ ജനതാദള്ളുകളുടെ ലയനവും  ത്രിശങ്കുവില്‍ ആയിട്ടുണ്ട്. ജനതാദള്‍ എസില്‍ ലയിക്കാന്‍ ലോക് താന്ത്രിക് ജനതാദള്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. ജനതാദള്‍ എസ് കേരള ഘടകം ലോക് താന്ത്രിക് ജനതാദളില്‍ ലയിക്കേണ്ട അവസ്ഥയായാണ് അത് തിരിഞ്ഞിരിക്കുന്നത്. അതിനും തയ്യാറായില്ലങ്കില്‍ ജനതാദള്‍ എസിന് മുന്നണിയില്‍ നിന്നു തന്നെ പുറത്തു പോകേണ്ടി വരും.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ പിന്തുണയ്ക്കാന്‍ അഖിലേന്ത്യാ ജെ.ഡി.എസ് തീരുമാനിച്ചപ്പോള്‍ ബി.ജെ.പിയെ തുണയ്ക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഇടതു തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നാണ്, സംസ്ഥാനഘടകം ദേവഗൗഡയെ അറിയിച്ചിരുന്നത്. എന്നാലിപ്പോള്‍, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും ഗൗഡ എന്‍.ഡി.എയ്‌ക്കൊപ്പം നില്‍ക്കുന്ന സാഹചര്യമാണ് ഉള്ളത്.ഇതോടെ, കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുകയാണ്.

ജനതാദള്‍ എസ് സംസ്ഥാന ഘടകത്തിന് മുന്നില്‍ ഇപ്പോള്‍ പാര്‍ട്ടി വിട്ടുപോരുകയേ വഴിയൊള്ളൂ.പാര്‍ട്ടിയില്‍ നിന്നുകൊണ്ട് തന്നെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും സ്വന്തം നിലപാടെടുക്കാനാകുമെങ്കിലും മറ്റു സന്ദര്‍ഭങ്ങളില്‍ കൂറുമാറ്റമടക്കമുള്ള കുരുക്കുകളെ അഭിമുഖീകരിക്കേണ്ടതായി വരും. മാത്രമല്ല, ആ രൂപത്തില്‍ ഇടതുമുന്നണിയില്‍ തുടരാനും സാധിക്കുകയില്ല. ഇതോടെയാണിപ്പോള്‍ എല്‍.ജെ.ഡിയില്‍ ലയിക്കാന്‍ ജനതാദള്‍ എസിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്.

മുന്‍പും  ജനതാദള്‍ ദേശീയ ഘടകവും കേരള ഘടകവും പിളര്‍ന്നിട്ടുണ്ട്. പിന്നീട് ഒന്നായിട്ടുമുണ്ട്. ചരിത്രത്തിന്റെ ആ ആവര്‍ത്തനം തന്നെയാണ്, ഇപ്പോഴും സംഭവിക്കാന്‍ പോകുന്നത്. ഈ അധികാര മോഹത്തിന് ഇനിയും ചുവപ്പ് പരവതാനി വിരിക്കണമോ എന്നതാണ് പ്രശ്‌നം. ഇക്കാര്യം ചിന്തിക്കേണ്ടത്, കമ്യൂണിസ്റ്റു പാര്‍ട്ടികളാണ്. പ്രത്യേകിച്ച് സി.പി.എം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുക തന്നെ വേണം.

നിതീഷ്‌കുമാറിന്റെ ജെ.ഡി.യു, വീണ്ടും ബി.ജെ.പി പക്ഷത്തേക്ക് ചായ്ഞ്ഞപ്പോഴാണ് ശരദ്യാദവിന്റെ നേതൃത്വത്തില്‍ ലോക് താന്ത്രിക് ജനതാദളുണ്ടായത്. എം.പി. വീരേന്ദ്രകുമാറും കൂട്ടരും അന്ന്  യാദവിനൊപ്പമാണ് നിന്നിരുന്നത്. യു.ഡി.എഫിലായിരുന്ന കേരള ഘടകം  പിന്നീട് ഇടതുമുന്നണിയിലേക്കും ചേക്കേറുകയും ചെയ്തു. അവര്‍ നിയമസഭാ സീറ്റില്‍ മൂന്നിടത്ത് മത്സരിച്ചെങ്കിലും  കെ.പി.മോഹനന്‍ മാത്രമാണ് വിജയിച്ചിരുന്നത്. ജനതാദള്‍ ഗ്രൂപ്പുകളെ ഒറ്റപ്പാര്‍ട്ടിയായേ പരിഗണിക്കൂവെന്ന്  സി.പി.എം നിലപാടെടുത്തതോടെ  മന്ത്രിസഭാരൂപീകരണത്തിലും  എല്‍.ജെ.ഡി തഴയപ്പെടുകയാണ് ഉണ്ടായത്.

അതേസമയം, രണ്ട് സീറ്റുള്ള ജെ.ഡി.എസില്‍ നിന്ന് കെ. കൃഷ്ണന്‍കുട്ടി മന്ത്രിയുമായി. തുടര്‍ന്നാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ലയന തീരുമാനത്തിലെത്തിയത്. ഇതിനിടയില്‍ തന്നെ എല്‍.ജെ.ഡി അഖിലേന്ത്യാതലത്തില്‍ പിരിച്ചുവിട്ട് രാഷ്ട്രീയ ജനതാദളില്‍ ലയിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ആര്‍.ജെ.ഡിയില്‍ പോകണമെന്ന് കേരളത്തിലെ കുറച്ചുപേര്‍ വാദിച്ചെങ്കിലും  ജെ.ഡി.എസില്‍ ലയിക്കുന്നതാണ് നല്ലതെന്ന അഭിപ്രായത്തിനാണ്  മേല്‍ക്കൈ ലഭിച്ചിരുന്നത്.

എല്‍.ജെ.ഡി എന്ന കക്ഷിയിപ്പോള്‍ യഥാര്‍ത്ഥത്തില്‍ നിലവിലില്ല. പക്ഷേ, ഇടതുപക്ഷത്ത് ഇപ്പോഴും അവര്‍ അതേ പേരില്‍ തന്നെ നില്‍ക്കുകയാണ് ചെയ്യുന്നത്. മാറിയ ‘പാര്‍ട്ടി’ സാഹചര്യത്തില്‍ ആ പാര്‍ട്ടിയില്‍ ലയിക്കാനാണ്  ജനതാദള്‍ എസിലെ പ്രബല വിഭാഗം നീങ്ങുന്നത്.
ദേവഗൗഡ എന്‍.ഡി.എയില്‍ ചേര്‍ന്നാല്‍ ഈ വിഭാഗം ജനതാദള്‍ എസ് വിടും അതും വ്യക്തമാണ്. എന്നാല്‍, പിന്നീട് ദേവഗൗഡ എന്‍.ഡി.എ വിട്ടാല്‍  ഇവര്‍ വീണ്ടും ജനതാദള്‍ എസില്‍ തിരികെ എത്തുകയും ചെയ്യും. അക്കാര്യവും ഉറപ്പാണ്. ഈ അവസരവാദകളികള്‍ക്ക് ഇനിയെങ്കിലും  ഇടതുപക്ഷ നേതൃത്വം കൂട്ട് നില്‍ക്കാതിരിക്കുന്നതാണ് നല്ലത്. ഇടതുപക്ഷ അണികള്‍ ആഗ്രഹിക്കുന്നതും  അതു തന്നെയാണ് . . .


EXPRESS KERALA VIEW

Top