ജനതാ കര്‍ഫ്യൂ; ഞായറാഴ്ചത്തെ 3700 ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കി

തിരുവനന്തപുരം: കോവിഡ്19 വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ പാലിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചത്തെ 3700 ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കി. 2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്സ്പ്രസ് ട്രെയിനുകളുമാണ് റെയില്‍വേ റദ്ദാക്കിയത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ പുറപ്പെടേണ്ട പാസഞ്ചര്‍-എക്സ്പ്രസ് ട്രെയിനുകളൊന്നും സര്‍വ്വീസ് നടത്തില്ല.

അതേസമയം, നേരത്തേ യാത്രയാരംഭിച്ച ദീര്‍ഘദൂര വണ്ടികളുടെ സര്‍വീസ് തടസപ്പെടില്ല. ഞായറാഴ്ച കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ബാറുകളും ബവ്‌റിജസ് ഔട്‌ലെറ്റുകളും ഞായറാഴ്ച അടച്ചിടും. എക്‌സൈസ് മന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജനതാ കര്‍ഫ്യൂവിനോടു സഹകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ അറിയിച്ചിരുന്നു.

കൂടാതെ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനും അറിയിച്ചു.

ജനതാ കര്‍ഫ്യൂവിന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും പിന്തുണ അറിയിച്ചിരുന്നു. ഞായറാഴ്ച സ്വകാര്യ ബസുകളൊന്നും തന്നെ നിരത്തിലിറങ്ങില്ല. ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ തുറക്കില്ലെന്ന് പമ്പുടമകളും വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ഓയില്‍ കമ്പനികളുടേതായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 155 പമ്പുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കേണ്ടെന്നാണ് തീരുമാനിച്ചിട്ടുള്ളത്.

ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണി വരെയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയം ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

Top