മഹാദേവ് ആപ്പിന് പാക്കിസ്ഥാനുമായി ബന്ധമുണ്ട്, കേസ് എന്‍ഐഎ അന്വേഷിക്കണം: അമിത് ജോഗി

ദില്ലി: മഹാദേവ് ആപ്പില്‍ നടന്നത് രാജ്യവിരുദ്ധ ഇടപാടാണെന്ന് ജനത കോണ്‍ഗ്രസ് നേതാവ് അമിത് ജോഗി. അഴിമതിയുടെ സൂത്രധാരന്‍ ഭൂപേഷ് ബാഗേലാണെന്ന് അമിത് ജോഗി പറഞ്ഞു.ആപ്പിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നും കേസ് എന്‍ഐഎ അന്വേഷിക്കണമെന്നും അമിത് ജോഗ്.ചൂതാട്ടക്കാരുമായുള്ള ബാഗേലിന്റെ ഇടപാട് ഞെട്ടിക്കുന്നതാണ്. അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടം. പിതാവ് അജിത് ജോഗിക്ക് ലഭിച്ച സ്‌നേഹം ജനങ്ങള്‍ തനിക്കും തരുന്നു. ദേശീയ പാര്‍ട്ടികള്‍ ഛത്തീസ്ഗഡിനെ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും അമിത് ജോഗി പറഞ്ഞു.

മഹാദേവ് വാതുവയ്പ് കേസില്‍ വെളിപ്പെടുത്തലുമായി ഓണ്‍ലൈന്‍ വാതുവയ്പ്പ് ആപ്പ് മഹാദേവ് പ്രമോട്ടര്‍ ശുഭം സോണി രംഗത്തെത്തിയിരുന്നു. ഛത്തീസ്ഗഡ് ഭൂപേഷ് ബാഗേലുമായി ബന്ധമുണ്ടെന്നായിരുന്നു ശുഭം സോണിയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ബിസിനസിനായി ദുബായിലേക്ക് പോയതെന്നും മുഖ്യമന്ത്രിക്ക് മുന്‍പും പണമെത്തിച്ചിട്ടുണ്ടെന്നും ശുഭം സോണി വെളിപ്പെടുത്തി. തന്റെ നിര്‍ദ്ദേശപ്രകാരമാണ് അസിം ദാസ് പണവുമായി ഛത്തീസ്ഘട്ടിലേക്ക് പോയത്. ഇക്കാര്യങ്ങള്‍ ഇമെയ്‌ലിലൂടെ ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും ശുഭം സോണി വ്യക്തമാക്കിയിരുന്നു.

ഇഡിയെ ഉപയോഗിച്ച് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പ്രതികരണം. മൂന്ന് വര്‍ഷമായി തന്റെ പിന്നാലെ അന്വേഷണ ഏജന്‍സികളുണ്ടെന്നും തനിക്കെതിരെ ഒന്നും കണ്ടെത്താനായില്ല. മോദിയും അമിത് ഷായും കൂടാതെ ഇഡിയും രാഷ്ട്രീയ ജോലി ഏറ്റെടുക്കുന്നുവെന്നും ബാഗേല്‍ വിമര്‍ശിച്ചിരുന്നു.

Top