തിരുവനന്തപുരത്ത് വിജയെ കാണാന്‍ ജനസാഗരം;താരം സഞ്ചരിച്ച കാര്‍ ആരാധകരുടെ ആവേശത്തില്‍ തകര്‍ന്നു

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ദളപതി വിജയ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. താരത്തെ വരവേല്‍ക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ജനസാഗരമാണ് എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരാധകരോട് അടങ്ങാന്‍ ആവശ്യപ്പെടുന്ന വിജയ്‌യുടെ വിഡിയോയും ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്ക് താരം സഞ്ചരിച്ച കാര്‍ ആരാധകരുടെ ആവേശത്തില്‍ തകര്‍ന്നു.

ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വാഹനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചില്ലുകള്‍ തകരുകയും ഡോര്‍ അടക്കമുള്ള ഭാഗങ്ങള്‍ ചളുങ്ങുകയും ചെയ്ത അവസ്ഥയിലാണ് കാര്‍. വിമാനത്താവളം മുതല്‍ താരത്തെ നിരവധി ആരാധകര്‍ ആവേശത്തോടെ പിന്തുടര്‍ന്നിരുന്നു. ഇതിന്റെ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.മാര്‍ച്ച് 23 വരെ വിജയ് തിരുവനന്തപുരത്തുണ്ടാവും.

തിരുവനന്തപുരം വിമാനത്താവളത്തിലും ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലുമാണ് ഗോട്ടിന്റെ ചിത്രീകരണം നടക്കുക. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു വിജയ് ചിത്രം കേരളത്തില്‍ ചിത്രീകരിക്കുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് ആദ്യമായാണ് കേരളത്തില്‍ എത്തുന്നത് എന്ന പ്രത്യേകത കൂടി ഈ വരവിനുണ്ട്.

Top