ജനാര്‍ദ്ദന റെഡ്ഡിയേയും കൂട്ടാളിയേയും കണ്ടെത്താന്‍ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്

janardhana reddy

ബംഗളുരു : സാമ്പത്തിക തട്ടിപ്പുകേസില്‍ ഒളിവില്‍പ്പോയ കര്‍ണാടകത്തിലെ ഖനി രാജാവും മുന്‍ ബിജെപി നേതാവുമായ ജനാര്‍ദ്ദന റെഡ്ഡിയേയും കൂട്ടാളിയേയും കണ്ടെത്താന്‍ പ്രത്യേക പൊലീസ് സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. റെഡ്ഡിയുടെ ബല്ലാരിയിലെ വസതിയില്‍ ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

റെഡ്ഡിയും സഹായിയും ഹൈദരാബാദിലേക്ക് കടന്നുവെന്നാണ് നിഗമനം. ബെല്ലാരിയിലെ റെഡ്ഡിയുടെ വീട് പൊലീസ് റെയ്ഡ് ചെയ്തു. മന്ത്രിയായിരിക്കെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പതിനെട്ട് കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ നിന്ന് ആംബിഡന്റ് ഗ്രൂപ്പിനെ ഒഴിവാക്കാന്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ജനാര്‍ദ്ദന റെഡ്ഡി ഒരു കോടി രൂപ കോഴ നല്‍കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരുടെ 600 കോടി രൂപ തട്ടിയെന്ന ആരോപണം നേരിടുന്ന കമ്പനിയാണ് ആംബിഡന്റ് ഗ്രൂപ്പ്. കമ്പനി ഉടമ സയിദ് അഹമ്മദ് കേസില്‍ നിന്ന് ഒഴിവാകാന്‍ മന്ത്രിയായിരുന്ന ജനാര്‍ദ്ദന റെഡ്ഡിയെ സമീപിച്ചെന്നാണ് കേസ്.

റെഡ്ഢി 18കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നാണ് പറയുന്നത്. പണം ഓഹരി ദല്ലാളായ രമേഷ് കോത്താരിക്ക് നല്‍കി. ഇയാള്‍ 57 കിലോഗ്രാം സ്വര്‍ണമാക്കി മാറ്റി റെഡ്ഡിയുടെ അടുത്ത സുഹൃത്തായ അലിഖാന് കൈമാറിയെന്നും പറയുന്നു.

Top