മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന്‍ റെഡ്ഡിയെ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

janardhan-reddy

ബംഗളൂരു: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന്‍ റെഡ്ഡിയെ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇരുപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് റെഡ്ഡിയെയും സഹായി അലി ഖാനെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തെ തട്ടിപ്പ് കേസില്‍ നിന്നും രക്ഷിക്കാന്‍ മന്ത്രിയായിരിക്കെ 18 കോടി കൈപ്പറ്റി എന്നാണ് കേസ്. റെഡ്ഡി കോഴപ്പണം കൈപ്പറ്റിയെന്നതിന് തെളിവ് ലഭിച്ചതായി കര്‍ണാടക പൊലീസ് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസില്‍ ചോദ്യം ചെയ്യലിനായി ഇന്നലെയാണ് റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായത്.

ബുധനാഴ്ച റെഡ്ഡിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് റെഡ്ഡി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ജാമ്യത്തിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കാനാണ് റെഡ്ഡിയുടെ അഭിഭാഷകന്റെ നീക്കം.

നേരത്തെ, കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുള്ള ആരോപണം തള്ളി ജനാര്‍ദന റെഡ്ഡി വിഡിയോ സന്ദേശം ഇറക്കിയിരുന്നു. താന്‍ ഒളിവിലല്ല. ഈ നഗരത്തില്‍ത്തന്നെയുണ്ട്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. തന്റെ പേരിലുള്ള ആരോപണം തെളിയിക്കാനുള്ള ഒരു തെളിവുകളും പൊലീസിന്റെ പക്കലില്ല. എഫ്ഐആറില്‍ പോലും തന്റെ പേരില്ല. അവര്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ആളുകള്‍ക്കു സത്യം മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഈ വിഡിയോ. പൊലീസില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ട്. ഒരു രാഷ്ട്രീയ സമ്മര്‍ദത്തിനും അവര്‍ വഴങ്ങില്ലെന്നു കരുതുന്നു. ജനാര്‍ജന്‍ റെഡ്ഡി പറഞ്ഞു. ബംഗളൂരു സെട്രല്‍ ക്രൈംബ്രാഞ്ച് ഇന്നു ഉച്ചയ്ക്ക് രണ്ടിനാണ് അറസ്റ്റ് സ്ഥിരീകരിച്ചത്.

Top