Janardhan Reddy converted Rs 100 cr black money: K’taka driver in suicide note

ബെല്ലാരി: ഖനി വ്യവസായി ജനാര്‍ദ്ദന്‍ റെഡ്ഡി 100 കോടിയുടെ കള്ളപ്പണം വെളിപ്പിച്ചുവെന്ന് കര്‍ണാടകത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ ആത്മഹത്യാക്കുറിപ്പില്‍ ആരോപണം.

ബെംഗളൂരുവിലെ സ്‌പെഷ്യല്‍ ലാന്‍ഡ് അക്വസിഷന്‍ ഓഫീസര്‍ ഭീമാ നായിക്കിന്റെ ഡ്രൈവര്‍ രമേഷ് ഗൗഡയെ ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച ഭീമാ നായിക്കിന് 20 ശതമാനം കമ്മീഷന്‍ റെഡ്ഡി നല്‍കിയെന്ന് രമേഷ് ഗൗഡയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ഭീമാ നായിക്കും റെഡ്ഡിയും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് രമേഷ് ഗൗഡയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്. കള്ളപ്പണം വെളുപ്പിച്ചതിനെക്കുറിച്ച് അറിവ് ഉള്ളതിനാല്‍ നിരന്തര ഭീഷണികള്‍ നേരിടേണ്ടിവന്നുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ഖനി അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ജയിലില്‍നിന്ന് ഇറങ്ങിയ റെഡ്ഡി കഴിഞ്ഞമാസം മകളുടെ ആഡംബര വിവാഹം നടത്തിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 500 കോടി ചിലവഴിച്ചാണ് റെഡ്ഡി മകളുടെ വിവാഹം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ആഡംബര വിവാഹത്തിന് പിന്നാലെ ആദായനികുതി വകുപ്പ് അധികൃതര്‍ റെഡ്ഡിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ ആത്മഹത്യയും വിവാദ വെളിപ്പെടുത്തലും.

ബെംഗളൂരുവില്‍നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള മധൂരിലെ ലോഡ്ജ് മുറിയിലാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ ഡ്രൈവര്‍ രമേഷ് ഗൗഡയുടെ മൃതദേഹം കണ്ടെത്തിയത്.

Top